Sorry, you need to enable JavaScript to visit this website.

ഖുർആനിലെ പേര് നായക്കു നൽകി, രാഹുല്‍ ഗാന്ധിക്കെതിരെ മജ്‌ലിസ് നേതാവ് കോടതിയില്‍

പ്രയാഗ്‌രാജ്- അമ്മ സോണിയാ ഗാന്ധിക്ക് നൂറി എന്ന പേരുള്ള നായയെ സമ്മാനിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ  ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തെഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) നേതാവ് പ്രാദേശിക കോടതിയെ സമീപിച്ചു. നായക്ക് നല്‍കിയ ഈ പേര് തന്റെ മതവികാരം വ്രണപ്പെടുത്തുന്നതാണ് ചൂണ്ടിക്കാട്ടിയാണ് എഐഎംഐഎം നേതാവ് മുഹമ്മദ് ഫര്‍ഹാന്‍ കോടതിയെ സമീപിച്ചത്. നൂറി എന്ന വാക്ക് ഇസ്ലാമുമായി പ്രത്യേകമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും നായയുടെ പേര് തന്റെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഫര്‍ഹാന്‍  പറഞ്ഞു.


എഐഎംഐഎം നേതാവ് കോടതിയെ സമീപിച്ചതായി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു. രാഹുലിനെതിരെ ഐപിസി സെക്ഷന്‍ 295 എ പ്രകാരം എഫ്‌ഐആര്‍ ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അവിരാള്‍ സിങ്ങിന്റെ കോടതിയെ സമീപിച്ചതെന്ന്  ഫര്‍ഹാന്റെ അഭിഭാഷകന്‍ മുഹമ്മദ് അലി പി.ടി.ഐയോട് പറഞ്ഞു.
വിവിധ പത്രങ്ങളില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും യൂട്യൂബ് ചാനലില്‍ നിന്നുമാണ് നായയുടെ പേരിനെക്കുറിച്ച് എഐഎംഐഎം നേതാവ് അറിഞ്ഞതെന്ന് അഭിഭാഷകന്‍ പറഞ്ഞു.
നായയുടെ പേര് മാറ്റാനും പരസ്യമായി മാപ്പ് പറയാനും ഫര്‍ഹാന്‍ വാര്‍ത്താ ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍ അത് അദ്ദേഹം പരിഗണിച്ചില്ലെന്ന്  അഭിഭാഷകന്‍ പറഞ്ഞു.
മൊഴി രേഖപ്പെടുത്താന്‍ നവംബര്‍ എട്ടിന് ഫര്‍ഹാനെ കോടതി വിളിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതി പരിശോധിച്ച ശേഷം കോടതിക്ക് രാഹുല്‍ ഗാന്ധിയെ വിളിപ്പിക്കാമെന്നും അഭിഭാഷകന്‍ പറഞ്ഞു.
ലോക മൃഗ ദിനത്തില്‍ അമ്മ സോണിയ ഗാന്ധിക്ക് നായയെ സമ്മാനിക്കുന്ന വീഡിയോ രാഹുല്‍ ഗാന്ധി നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.

 

Latest News