ന്യൂദല്‍ഹി- ഇസ്രായിലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ അജയ് പ്രാകരം അഞ്ചാമത്തെ വിമാനം ദല്‍ഹിയിലെത്തി. 18 നേപ്പാള്‍ പൗരന്മാരടക്കം 286 യാത്രക്കാരുമായി തെല്‍അവീവില്‍നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് ചൊവ്വാഴ്ച രാത്രി ദല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്.
സംഘര്‍ഷം നിലനില്‍ക്കുന്ന ഇസ്രായിലില്‍ നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിന് കേന്ദ്ര# സര്‍ക്കാരിന്റെ ഓപ്പറേഷന്‍ അജയ് പ്രകാരം സര്‍വീസ് നടത്തുന്ന അഞ്ചാമത്തെ വിമാനമാണിത്.
286 യാത്രക്കാര്‍ കൂടി എത്തിയതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍ മുരുകന്‍ വിമാനത്താവളത്തില്‍ യാത്രക്കാരെ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. വിമാനത്തിലെത്തിയ യാത്രക്കാരില്‍ കേരളത്തില്‍ നിന്നുള്ള 22 പേരുണ്ട്.
സ്‌പൈസ് ജെറ്റ് വിമാനം എ 340 ഞായറാഴ്ച തെല്‍ അവീവില്‍ ലാന്‍ഡ് ചെയ്തതിന് ശേഷം സാങ്കേതിക തകരാര്‍ നേരിട്ടിരുന്നു. തുടര്‍ന്ന് തകരാര്‍ പരിഹരിക്കാന്‍ വിമാനം ജോര്‍ദാനിലേക്ക് കൊണ്ടുപോയി.
തകരാര്‍ പരിഹരിച്ച ശേഷം തെല്‍ അവീവില്‍നിന്ന് യാത്രാക്കാരുമായി വിമാനം മടങ്ങി. തിങ്കളാഴ്ച രാവിലെയാണ് വിമാനം ദല്‍ഹിയിലേക്ക് മടങ്ങേണ്ടിയിരുന്നത്.