- സൗമ്യയെ കൊന്നത് ഓടുന്ന കാറിൽനിന്ന് വെടിയുതിർത്ത്
- ശിക്ഷാവിധി പിന്നീടെന്ന് ജഡ്ജ്
ന്യൂഡൽഹി - ഡൽഹിയിൽ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ, മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസിൽ അഞ്ചു പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊലപാതകം നടന്ന് 15 വർഷത്തിനു ശേഷമാണ് സാകേത് സെഷൻസ് കോടതിയുടെ വിധി. ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കുമെന്ന് അഡിഷനൽ സെഷൻസ് ജഡ്ജി രവികുമാർ പാണ്ഡേ പറഞ്ഞു.
അമിത് ശുക്ല, രവി കപൂർ, ബൽജിത് മാലിക്, അജയ് സേഥി, അജയ് കുമാർ എന്നിവരാണ് കേസിലെ പ്രതികൾ. കുറ്റക്കാരെന്ന് തെളിഞ്ഞ ഈ അഞ്ചുപ്രതികൾക്കുമുള്ള ശിക്ഷ പിന്നീട് വിധിക്കും. ദ പയനിയർ ഡെയ്‌ലി, സി.എൻ.എൻ-ഐ.ബി.എൻ ടി.വി, ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഹെഡ്‌ലൈൻസ് ടുഡേ ചാനൽ എന്നി മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്ത കുറ്റിപ്പുറം പേരിശന്നൂർ കിഴിപ്പള്ളി മേലേവീട്ടിൽ വിശ്വനാഥൻ-മാധവി ദമ്പതികളുടെ മകളായ സൗമ്യ 2008-ലാണ് രാജ്യതലസ്ഥാനത്ത് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹെഡ്‌ലൈൻസ് ടുഡേയിൽ ജോലി ചെയ്യുമ്പോൾ രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ 2008 സെപ്തംബർ 30ന് സൗമ്യ(25)യെ കാറിനുള്ളിൽ തലയ്ക്കു വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
സൗമ്യ, കാർ അപകടത്തിൽപെട്ട് മരിച്ചതാണെന്നായിരുന്നു ആദ്യഘട്ടത്തിൽ കരുതിയത്. എന്നാൽ, പിന്നീട് മൃതദേഹത്തിൽ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തിയത് കേസിലെ വൻ വഴിത്തിരിവായി. കൃത്യം നടന്ന് ഒരുവർഷത്തിനു ശേഷമാണ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടാനായത്. 2009 മാർച്ചിൽ ഡൽഹി കോൾ സെന്ററിലെ ജീവനക്കാരിയായ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രവി കപൂർ, അമിത് ശുക്ല എന്നിവരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് സൗമ്യ വധക്കേസിന്റെയും ചുരുകളുകൾ അഴിക്കാനായത്.
സംഭവദിവസം മെറൂൺ നിറത്തിലുളള കാർ മലയാളിയായ സൗമ്യയുടെ കാറിനെ പിന്തുടർന്നതായി സി.സി.ടി.വി വഴി പോലീസ് കണ്ടെത്തിയിരുന്നു. സൗമ്യയെ പിന്തുടർന്ന ഈ കാർ ജിഗിഷ കൊലക്കേസിൽ പിടിയിലായ പ്രതികളുടേതാണെന്ന് അന്വേഷണത്തിൽ പോലീസിന് വ്യക്തമായി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് സൗമ്യ വിശ്വനാഥനെ വെടിവെച്ച് കൊലപ്പെടുത്തിയത് തങ്ങളാണെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചത്. ഓടുന്ന കാറിൽനിന്നാണ് യുവതിക്കുനേരേ വെടിയുതിർത്തതെന്ന് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തി. പ്രതികൾക്കെതിരായ എല്ലാ തെളിവുകളും അന്വേഷണസംഘത്തിന് ഹാജറാക്കാൻ സാധിച്ചതായി കോടതി വ്യക്തമാക്കി. ശിക്ഷാവിധിക്ക് മുമ്പ് പ്രതികൾക്ക് വല്ലതും പറയാനുണ്ടെങ്കിൽ കേൾക്കുമെന്നും കോടതി അറിയിച്ചു.
ഡൽഹി കാർമൽ സ്‌കൂളിലും ജീസസ് ആൻഡ് മേരി കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ സൗമ്യ, സൗത്ത് ഡൽഹിയിലെ വസന്ത്കുഞ്ചിലായിരുന്നു മാതാപിതാക്കൾക്കും ഏക സഹോദരിക്കുമൊപ്പം താമസിച്ചിരുന്നത്.