ജറൂസലം- ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനിടെ സാധാരണക്കാരെ രക്ഷിച്ച കേരളത്തിൽനിന്നുള്ള രണ്ടു വനിതകളുടെ ധീരത സോഷ്യൽ മീഡിയയിൽ വൈറലായി. ഇവരുടെ അനുഭവം ഇസ്രയേലിലെ ഇന്ത്യൻ എംബസി തന്നെയാണ് എക്‌സ് പ്ലാറ്റ്‌ഫോമിൽ പുറത്തുവിട്ടത്. ഇവരുടെ നിശ്ചയദാർഢ്യത്തെ ഇസ്രായേലിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയ വഴി പുകഴ്ത്തി. ഇരുവരെയും 'ഇന്ത്യൻ സൂപ്പർ വുമൺ' എന്നാണ് എംബസി അഭിസംബോധന ചെയ്തത്. വാതിൽ അമർത്തിപ്പിടിച്ചാണ് ഭീകരരിൽനിന്ന് ഇവർ പരിചാരകരായി ജോലി ചെയ്യുന്ന വീട്ടിലുള്ളവരെ രക്ഷിച്ചത്. ഹമാസിന്റെ ആക്രമണം നടന്ന ദിവസത്തെ ഭീകരത വിവരിക്കുന്ന ഒരു വീഡിയോയും അവർ പങ്കിട്ടു. മീരാ മോഹൻ, സബിത എന്നീ യുവതികളാണ് സോഷ്യൽ മീഡിയയിൽ താരമായത്.
മീരാ മോഹനനും സബിതയും അതിർത്തിയിലുള്ള കിബട്ട്‌സിലാണ് ജോലി ചെയ്യുന്നത്. എ.എൽ.എസ് രോഗം ബാധിച്ച റാഹേൽ എന്ന വൃദ്ധയെയാണ് ഇരുവരും പരിചരിക്കുന്നത്. മൂന്നു വർഷമായി ഇവർ ഇവിടെ ജോലി ചെയ്തുവരികയാണ്. സബിതയുടെ വാക്കുകൾ: അത് എന്റെ രാത്രി ഡ്യൂട്ടി ആയിരുന്നു. ഏകദേശം 6:30 ആയപ്പോൾ ഞങ്ങൾ പോകാനൊരുങ്ങുകയായിരുന്നു. സൈറണുകൾ കേട്ട് സുരക്ഷാ മുറിയിലേക്ക് ഓടി. എന്നാൽ സൈറൻ നിർത്താതെ അടിച്ചുകൊണ്ടിരുന്നു. കാര്യങ്ങൾ ഞങ്ങളുടെ കൈവിട്ടുപോയി എന്ന് പറഞ്ഞ് മിസ് റാഹേലിന്റെ മകളിൽ നിന്ന് തങ്ങൾക്ക് ഒരു ഫോൺ ലഭിച്ചു. എന്തു ചെയ്യണമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. മുൻവശത്തെയും പുറകിലെയും വാതിലുകൾ പൂട്ടാൻ അവൾ ഞങ്ങളോട് ആവശ്യപ്പെട്ടു. തറയിൽ കൂടുതൽ പിടി കിട്ടാൻ ചെരിപ്പുകൾ ഊരിമാറ്റി. ഏതാനും മിനിറ്റുകൾക്കുള്ളിൽ, ഞങ്ങളുടെ വീട്ടിൽ ഭീകരർ വെടിയുതിർക്കുന്നത് കേട്ടു. വീടിന്റെ ഗ്ലാസുകൾ തകർന്നു. മകളെ വിളിച്ചപ്പോൾ അവൾ ഞങ്ങളോട് വാതിൽ അമർത്തിപ്പിടിക്കാൻ ആവശ്യപ്പെട്ടു. ഏകദേശം നാലരമണിക്കൂറോളം അങ്ങിനെ നിന്നു. ഏകദേശം 7.30 മുതൽ ഭീകരർ വീട്ടിൽ ഉണ്ടായിരുന്നു. അവർ പുറത്ത് നിന്ന് വാതിൽ തുറക്കാൻ ശ്രമിച്ചു. പക്ഷേ ഞങ്ങൾ വാതിൽ പരമാവധി തള്ളിപ്പിടിച്ചു. വാതിലിലേക്ക് അവർ വെടിയുതിർത്തു.
— Israel in India (@IsraelinIndia) October 17, 2023
ഹമാസ് എല്ലാം നശിപ്പിച്ചു. പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞില്ല. കുറച്ച് മണിക്കൂറുകൾക്ക് ശേഷം, ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും വെടിയൊച്ചകൾ കേട്ടു. ഞങ്ങളെ രക്ഷിക്കാൻ ഇസ്രായേൽ സൈന്യം വന്നിട്ടുണ്ടെന്ന് വീട്ടുടമ മുഷ്മുലിക് ഞങ്ങളോട് പറഞ്ഞു. അപ്പോഴേക്കും ഹമാസ് എല്ലാം കൊള്ളയടിച്ചിരുന്നു. മീരയുടെ പാസ്‌പോർട്ട് ഉൾപ്പെടെ അവർ കൊണ്ടുപോയി. എന്റെ എമർജൻസി ബാഗ് എടുത്തു. ഞങ്ങൾ ഒരിക്കലും ഒരു തീവ്രവാദി ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ മിസൈലുകൾ വീഴുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അത് സംഭവിക്കുമ്പോൾ ഞങ്ങൾ സേഫ്റ്റി റൂമിലേക്ക് പോകുമായിരുന്നു, അത് കഴിഞ്ഞാൽ ഞങ്ങൾ തിരികെ വരുമായിരുന്നു. എന്നാൽ അന്ന് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സമയമുണ്ടായിരുന്നില്ല-സബിത പറഞ്ഞു. വെടിയുണ്ടയേറ്റ് തുളഞ്ഞതിന്റെ അടയാളങ്ങളുള്ള വാതിലിന്റെയും ചുമരിന്റെയും ചിത്രങ്ങളും പങ്കുവെച്ചു.