മോസ്കോ- റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ചൈനീസ് നേതാവ് ഷി ജിന്‍പിംഗും ഈ ആഴ്ച ബീജിംഗില്‍ കൂടിക്കാഴ്ച നടത്തും. അമേരിക്കയും സഖ്യകക്ഷികളും ആധിപത്യം പുലര്‍ത്താത്ത പുതിയ അന്താരാഷ്ട്ര ക്രമത്തിനായുള്ള കാഴ്ചപ്പാട് കൂടിക്കാഴ്ചയില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റഷ്യ- യുക്രെയ്ന് പശ്ചാതലത്തില്‍ ഇരുനേതാക്കളും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവില്‍ ഫലസ്തീനെതിരെയുള്ള ഇസ്രായേല്‍ നീക്കങ്ങളും മിഡില്‍ ഈസ്റ്റിലെ സുസ്ഥിരത തകര്‍ക്കാവുന്ന സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന സാഹചര്യവും ഇരുവരും ചര്‍ച്ച ചെയ്യും.
ബീജിംഗില്‍ നടക്കുന്ന ബെല്‍റ്റ് ആന്റ് റോഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പുടിന് ചൈനയിലെത്തുന്നത്.
ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി മിഡില്‍ ഈസ്റ്റിലേക്ക് തങ്ങളുടെ ദൂതനെ അയക്കുമെന്ന് അറിയിച്ച ചൈന 'സിവിലിയന്മാരെ ദ്രോഹിക്കുന്ന എല്ലാ പ്രവൃത്തികളെയും' അപലപിക്കുകയും ചെയ്തിരുന്നു. ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങള്‍ ''സ്വയം പ്രതിരോധത്തിന്റെ പരിധിക്കപ്പുറമാണ്'' എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറയുകയും ചെയ്തു.