ന്യൂദല്‍ഹി- ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ബി.ജെ.പി എം.പി നിഷികാന്ത് ദുബെക്കും സുപ്രീം കോടതി അഭിഭാഷകന്‍ ജയ് ആനന്ദ് ദെഹാദ്‌റായിക്കും നിരവധി മാധ്യമങ്ങള്‍ക്കുമെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര ദല്‍ഹി ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ ബെഞ്ച് ഹരജിയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും.
നിഷികാന്ത് ദുബെക്കും ജയ് ആനന്ദ് ദെഹാദ്‌റായിക്കും മാധ്യമങ്ങള്‍ക്കുമെതിരെ കഴിഞ്ഞ ദിവസം മഹുവ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മഹുവ കൈക്കൂലി വാങ്ങിയെന്നാണ് നിഷികാന്ത് ദുബെയുടെ ആരോപണം. എന്നാല്‍, ലോക്‌സഭാ അംഗമെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ സ്വീകരിച്ചു എന്ന ആരോപണം അപകീര്‍ത്തികരവും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് വക്കീല്‍ നോട്ടിസില്‍ പറയുന്നു.
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് പണം വാങ്ങിയെന്ന് ആരോപിച്ച് നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി ഐടി മന്ത്രി അശ്വിനി വൈഷ്ണവിന് കൈമാറി. ഐ.ടി മന്ത്രിക്കു നല്‍കിയ പരാതിയില്‍ മഹുവയുടെ ലോഗ് ഇന്‍ വിവരങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.