ചെന്നൈ- വിജയ്-ലോകേഷ് കനകരാജ് ചിത്രം ലിയോക്ക് പ്രത്യേക പ്രദര്‍ശനം അനുവദിക്കണമെന്നാവശ്യപ്പെടുന്ന നിര്‍മാതാവിന്റെ ഹരജി തളളി ഹൈക്കോടതി. പുലര്‍ച്ചെ നാലുമണിക്ക് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹരജിയാണ് മദ്രാസ് ഹൈക്കോടതി തളളിയത്. ചിത്രത്തിന് നാലുമണി ഷോ അനുവദിക്കാനാവില്ലെന്നും ഏഴ് മണി ഷോ അനുവദിക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
19നാണ് ലിയോ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ ആദ്യ ഷോ പുലര്‍ച്ചെ നാലുമണിക്ക് ആരംഭിക്കും. എന്നാല്‍ തമിഴ്‌നാട്ടില്‍ രാവിലെ 9 മണിക്കാവും ആദ്യ പ്രദര്‍ശനം.
അജിത് നായകനായ തുനിവ് എന്ന ചിത്രം കാണാനെത്തിയ ആരാധകന്‍ കൊല്ലപ്പെട്ടതോടെയാണ് തമിഴ്‌നാട്ടില്‍ പുലര്‍ച്ചെയുളള ഷോകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ചിത്രത്തിന് രാവിലെ 9 മുതല്‍ പുലര്‍ച്ചെ ഒരുമണി വരെ അഞ്ച് പ്രദര്‍ശനം അനുവദിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഏഴ് മണിക്ക് ഷോ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മറുപടിയ്ക്കായി നിര്‍മ്മാതാവ് എസ് എസ് ലളിത് കുമാര്‍ നല്‍കിയ ഹര്‍ജി കോടതി നാളെ പരിഗണിക്കും. ലിയോ നാലുമണി ഷോ ഉണ്ടാവുമോ എന്ന കാര്യം നാളെ അറിയാന്‍ സാധിക്കും.
മാസ്റ്ററിനുശേഷം ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. തൃഷ, സഞ്ജയ് ദത്ത്, അര്‍ജ്ജുന്‍ സര്‍ജ്ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയാ ആനന്ദ്, ജനനി, അഭിരാമി, വെങ്കടാചലം, ബാബു ആന്റണി തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെയും ദി റൂട്ടിന്റെയും ബാനറില്‍ എസ് എസ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മ്മിക്കുന്നത്. ശ്രീഗോകുലം മൂവീസിനുവേണ്ടി ഗോകുലം ഗോപാലനാണ് കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്.