ന്യൂദല്‍ഹി - സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കണമെന്ന ആവശ്യം സുപ്രീം കോടതി ഭരണഘടനാ ബഞ്ച് തള്ളി. രാജ്യം ഉറ്റു നോക്കിയ ചരിത്ര വിധിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പടെയെ അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ രണ്ടു പേര്‍ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത വേണമെന്ന ആവശ്യത്തോട് യോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍ മൂന്ന് ജഡ്ജിമാര്‍ വിയോജിച്ചു. ഇതോടെ 3-2 എന്ന ഭിന്ന വിധിയില്‍ ഹര്‍ജികള്‍ തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കൗള്‍ എന്നിവര്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെ അനുകൂലിച്ചു. ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവര്‍ എതിര്‍ത്തതോടെയാണ് ഹര്‍ജി തള്ളിയത്. സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവര്‍ഗ്ഗ പങ്കാളികള്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്. എല്ലാ ജഡ്ജിമാര്‍ക്കും വിഷയത്തില്‍ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.






