Sorry, you need to enable JavaScript to visit this website.

ലോകത്തെ ആദ്യ 5ജി ഫോണുമായി മോട്ടോറോള

ചിക്കാഗോ- രണ്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ മോട്ടോറോള ലോകത്ത് ആദ്യമായി അഞ്ചാം തലമുറ (5ജി) സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ സാധ്യമാക്കിയിരിക്കുന്നു. ലെനോവോ ഉടമസ്ഥതയിലുള്ള മോട്ടോറോള തങ്ങളുടെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ഫോണായ മോട്ടൊ സി ത്രീക്കൊപ്പമാണ് 5ജി സാങ്കേതിക വിദ്യയും അവതരിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 16-ന് യുഎസില്‍ ഇതിന്റെ വില്‍പ്പന ആരംഭിക്കും. മോട്ടോ മോഡ് എന്ന പ്രത്യേക മോഡമാണ് 5ജി സാധ്യമാക്കുന്നത്. ഫോണിനോടൊപ്പം പിന്‍വശത്ത് അറ്റാച്ച് ചെയ്യാവുന്ന ഉപകരമാണ് മോട്ടോ മോഡ്. നെറ്റ്‌വര്‍ക്ക് വേഗത പത്തിരട്ടി വരെ വര്‍ധിപ്പിക്കാന്‍ ഇതിനു കഴിയും. സെക്കന്‍ഡില്‍ അഞ്ച് ജി.ബി വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഡാറ്റാ വേഗത. 

യുഎസിലെ മുന്‍നിര മൊബൈല്‍ കമ്പനിയായ വെരിസോണിനൊപ്പം മാത്രമാണ് തുടക്കത്തില്‍ മോട്ടോ സി ത്രീയും മോട്ടോ മോഡും ലഭ്യമാകുക. 480 ഡോളറാണ് വില (ഏകദേശം 33,000 രൂപ). 5ജി മോട്ടോ മോഡിന്റെ വില പ്രത്യേകമായി പുറത്തു വിട്ടിട്ടില്ല. അടുത്ത വര്‍ഷം ആദ്യത്തോടെ മാത്രമെ ഇതു മറ്റു വിപണികളില്‍ ലഭ്യമാകൂ എന്നാണ് സൂചന.

മോട്ടോ സി സീരിസിലുള്ള എല്ലാ മോഡലുകളുടേയും പിന്‍വശത്ത് അറ്റാച്ച് ചെയ്യാവുന്ന മോഡമാണ് 5ജി മോട്ടോ മോഡ്. 2000 mAh ഇന്റേണല്‍ ബാറ്ററി ഇതിനു പ്രത്യേകമായി ഉണ്ട്. ഫോണ്‍ ക്യാമറ മറക്കാതിരിക്കാന്‍ മോട്ടോ മോഡില്‍ ദ്വാരവുമുണ്ട്. ഇതിനു പുറമെ മുകളിലേക്കു തള്ളി നില്‍ക്കുന്ന ഒരു ആന്റിന ഭാഗവുമുണ്ട്. ഫോണിലെ ബാറ്ററിയും വയര്‍ലെസ് സാങ്കേതിക വിദ്യയും മോട്ടോ മോഡ് കാര്യമായി ഉപയോഗിക്കില്ല. എല്ലാം ഇതിനു സ്വന്തമായി ഉണ്ട്. ക്വാല്‍ക്കോം സ്‌നാപ്്ഡ്രാഗണ്‍ x50 മോഡം ആണ് 5ജി മോട്ടോ മോഡ്.

യുഎസ് നഗരങ്ങളായ ഹൂസറ്റണ്‍, ലോസ് ആഞ്ചലസ് എന്നിവയുള്‍പ്പെടെ നാലു നഗരങ്ങളിലാണ് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വെരിസോണ്‍ 5ജി സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്.  അടുത്തവര്‍ഷം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കും. ആദ്യഘട്ടത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷത്തോടെ മാത്രമെ മൊബൈല്‍ സേവന രംഗത്തും 5ജി ലഭ്യമാക്കിത്തുടങ്ങൂ.
 

Latest News