ന്യൂദൽഹി- സ്വവർഗ വിവാഹങ്ങൾ നിയമപരായി അംഗീകരിക്കണമോ എന്ന വിഷയത്തിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ച് നാളെ വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ്. രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ഭണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുക. സ്വവർഗ വിവാഹം നിയമപരമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളിൽ കഴിഞ്ഞ മെയ് പതിനൊന്നിന് സുപ്രീം കോടതി വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റിവെച്ചിരുന്നു. പത്ത് ദിവസത്തെ വാദം കേൾക്കിലിന് ശേഷമാണ് വിധി പറയാൻ മാറ്റിയത്. സ്വവർഗ വിവാഹങ്ങളെ അംഗീകരിക്കുന്നത് നിയമനിർമാണ സഭയുടെ ചുമതലയാണെന്ന് ബെഞ്ച് വാദം കേൾക്കുന്നതിനിടെ അഭിപ്രായപ്പെട്ടു. അതേസമയം, സ്വവർഗ ദമ്പതികൾക്ക് വിവാഹമെന്ന ലേബൽ ഇല്ലാതെ തന്നെ സാമൂഹികവും മറ്റ് ആനുകൂല്യങ്ങളും നിയമപരമായ അവകാശങ്ങളും നൽകുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കേണ്ടതുണ്ടെന്നും ബെഞ്ച് വാക്കാൽ നിരീക്ഷിച്ചിരുന്നു. യുവാക്കളുടെ വികാരത്തെ അടിസ്ഥാനമാക്കി കോടതികൾക്ക് വിഷയങ്ങളിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.