പശ്ചിമേഷ്യൻ സംഘർഷാവസ്ഥ രൂക്ഷമാകുന്നത് സാമ്പത്തിക മേഖലയിൽ അരാജകത്വത്തിന് ഇടയാക്കുമെന്ന ഭീതി തല ഉയർത്തുമ്പോൾ വാരാന്ത്യം വിദേശ ഫണ്ടുകൾ ഇന്ത്യയിൽ നിക്ഷേപത്തിന് ഇറങ്ങി. വിദേശ ഓപറേറ്റർമാരുടെ നീക്കം നവരാത്രി ദീപങ്ങൾ തെളിക്കുകയാണ്. ബുൾ ഓപറേറ്റർമാരുടെ വരവിൽ തുടർച്ചയായ രണ്ടാം വാരവും ഇന്ത്യൻ ഇൻഡക്‌സുകൾ തിളങ്ങി. സെൻസെക്‌സ് 287 പോയന്റും നിഫ്റ്റി സൂചിക 97 പോയന്റും ഉയർന്നു.
നിഫ്റ്റി സൂചിക 19,653 പോയന്റിൽ നിന്നും 19,843 വരെ കയറി. ഇതിനിടയിൽ 19,496 ലേക്ക് സാങ്കേതിക തിരുത്തലിനും ശ്രമിച്ചു. വാരാന്ത്യം നിഫ്റ്റി 19,751 പോയന്റിലാണ്. മുൻവാരം സൂചിപ്പിച്ച 19,432 ലെ സപ്പോർട്ട് തകർച്ചയിൽ നിലനിർത്തി, ഒപ്പം 19,774 ലെ പ്രതിരോധത്തിന് മുകളിൽ ഇടം പിടിക്കാനുമായില്ല. അതായത് മുൻ വാരം സൂചിപ്പിച്ച അതേ ടാർഗറ്റിൽ വിപണി സഞ്ചരിച്ചു.
ഈ വാരം നിഫ്റ്റി 19,897 നെയാണ് ലക്ഷ്യം വെക്കുന്നത്. പ്രതികൂല വാർത്തകൾ വിപണിക്ക് മുന്നിൽ പ്രതിരോധം സൃഷ്ടിക്കാം. അത് മറികടന്നാൽ 20,043 നെ വിപണി ഉറ്റുനോക്കും. 19,550 ലെ ആദ്യ സപ്പോർട്ട് രക്ഷയായാൽ ദീപാവലിക്ക് മുന്നേ 20,300 നെ കൈപ്പിടിയിൽ ഒതുക്കാം. വിജയദശമി വേളയിൽ 20,000 ൽ അടിത്തറ കണ്ടെത്താനുള്ള നീക്കത്തിലാണ്.
ഒക്ടോബർ നിഫ്റ്റി ഫ്യൂച്ചർ 19,742 പോയന്റിലാണ്. നിഫ്റ്റി ഓപൺ ഇന്ററസ്റ്റ് 117.4 ലക്ഷം കരാറുകളിൽ നിന്ന് 110.3 ലക്ഷത്തിലേക്ക് താഴ്ന്നു. സൂചികയുടെ മുന്നേറ്റത്തിനിടയിലെ ഈ കുറവ് വിരൽ ചൂണ്ടുന്നത് ഊഹക്കച്ചവടക്കാർ ഷോട്ട് കവറിംഗിന് ഇറങ്ങിയതായാണ്.
സെൻസെക്‌സിന്റെ ചലനങ്ങൾ കണ്ട് മുൻനിര ഓഹരികൾ വാരിക്കൂട്ടാൻ ഇടപാടുകാർ പല അവസരത്തിലും ഉത്സാഹിച്ചു.
65,995 ൽ നിന്നും 65,480 ലേക്ക് ഇടിഞ്ഞ വേളയിലാണ് വാങ്ങൽ താൽപര്യം ശക്തമായത്. ഇതോടെ പുതിയ ഊർജം കണ്ടത്തിയ വിപണി 66,592 വരെ ഉയർന്ന ശേഷം ക്ലോസിംഗിൽ 66,282 ലാണ്. ഈ വാരം 65,644 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 66,744 ലേക്ക് ഉയരാൻ നീക്കം നടത്താം.
വിദേശ ഓപറേറ്റർമാർ 317 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. പിന്നിട്ട വാരം അവരുടെ വിൽപന 4288 കോടി രൂപയാണ്.
ഈ വർഷം ഇതിനകം 1,10,735 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിൽ നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 7188 കോടി രൂപയുടെ വാങ്ങലും 103 കോടിയുടെ വിൽപനയും നടത്തി. നിഫ്റ്റി റിയാലിറ്റി സൂചിക 4.3 ശതമാനം മുന്നേറിയപ്പോൾ ഓട്ടോ, എഫ് എം സി ജി മീഡിയ സൂചികയും ഏകദേശം രണ്ട് ശതമാനം ഉയർന്നു. അതേ സമയം നിഫ്റ്റി പി എസ് യു ബാങ്ക്, ഇൻഫർമേഷൻ ടെക്‌നോളജി സൂചികകൾക്ക് തിരിച്ചടി.
രൂപയുടെ തകർച്ച തടയാൻ റിസർവ് ബാങ്ക് ഡോളർ വിൽപന ശക്തമാക്കി. തൊട്ട് മുൻവാരങ്ങളിലെ പോലെ കഴിഞ്ഞ ദിവസങ്ങളിലും ഉയർന്ന അളവിൽ ഡോളർ കരുതൽ ശേഖരത്തിൽ നിന്നും ഇറക്കി. രൂപയുടെ മൂല്യം 83.24 ൽ നിന്നും ഒരവസരത്തിൽ 83.12 ലേക്കും പിന്നീട് 83.27 ലേക്ക് ചാഞ്ചാടിയ ശേഷം ക്ലോസിങിൽ 83.24 ലാണ്. രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 83.43 ലേക്ക് തളരാനാണ് സാധ്യത.
യുഎസ് ഡോളർ സൂചികയുടെ കരുത്ത് കണക്കിലെടുത്താൽ രൂപയുടെ തകർച്ച 83.72 വരെ നീളാം. വിദേശ നാണയ കരുതൽ ശേഖരം തുടർച്ചയായ അഞ്ചാം വാരവും ഇടിഞ്ഞു. ഒക്ടോബർ ആദ്യവാരം കരുതൽ ധനം 2.16 മില്യൺ ഡോളർ കുറഞ്ഞ് 487.74 ബില്യൺ ഡോളറായി. കഴിഞ്ഞ അഞ്ച് ആഴ്ചകളിൽ കരുതൽ ധനത്തിലുണ്ടായ ഇടിവ് 14.15 മില്യൺ ഡോളറാണ്.
ആഗോള സ്വർണ വിപണി പുൾബാക്ക് റാലിയുടെ ആവേശത്തിലാണ്.
ട്രോയ് ഔൺസിന് 1832 ഡോളറിൽ ഇടപാടുകൾ പുനരാരംഭിച്ച മഞ്ഞലോഹം ഓപറേറ്റർമാരുടെ ഷോട്ട് കവറിംഗിൽ മുൻവാരം സൂചിപ്പിച്ച 1884 ഡോളറിലെ ആദ്യ തടസ്സം മറികടന്ന രണ്ടാം പ്രതിരോധമായ 1924 ഡോളറും ഭേദിച്ച് 1933.80 ഡോളർ വരെ ഉയർന്നു. ഒറ്റ ആഴ്ചയിൽ 101 ഡോളർ കുതിപ്പ് സ്വർണം കാഴ്ചവെച്ചു.
വിവിധ കേന്ദ്ര ബാങ്കുകൾ മഞ്ഞലോഹം ശേഖരിക്കാൻ കാണിക്കുന്ന ഉത്സാഹം വിലയിരുത്തിയാൽ 2000 ഡോളറിലെ പ്രതിരോധം തകർത്ത് 2077 ലേക്കും അടുത്ത വർഷം 2100 ലേക്കും സ്വർണം ചുവടുവെക്കാം.