നവരാത്രി ഡിമാന്റിൽ വെളിച്ചെണ്ണയെ ഉയർത്താനുള്ള ശ്രമത്തിലാണ് കാങ്കയം ലോബി. എണ്ണയുടെ വൻശേഖരമുള്ള അവർ ഏത് വിധേനയും കരുതൽ ശേഖരം വിറ്റുമാറാനുള്ള പരക്കം പാച്ചിലിലാണ്. ദീപാവലി വരെയുള്ള കാലയളവിൽ പരമാവധി വെളിച്ചെണ്ണ വിറ്റില്ലെങ്കിൽ തിരിച്ചടിയാവുമെന്ന് തമിഴ്‌നാടിന് വ്യക്തമായി അറിയാം. വെളിച്ചെണ്ണ വില 12,600 രൂപയായി ഉയർന്നു. കൊപ്ര 8100 ൽ നിന്നും 8400 രൂപയായി. കേരളത്തിൽ നവരാത്രി വേളയിൽ എണ്ണ വിൽപനയിൽ കാര്യമായ വർധനക്ക് ഇടയില്ല. അതേ സമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാചകയെണ്ണ വിൽപ്പന ഉയരും. ഇതര ഭക്ഷ്യയെണ്ണ വിലക്കയറ്റത്തിനിടയിൽ വെളിച്ചെണ്ണ വിറ്റഴിക്കാനാവുമെന്നാണ് മില്ലുകാർ വിലയിരുത്തുന്നത്.
ഇതിനിടയിൽ സംഭരിച്ച കൊപ്ര വിൽപനയ്ക്ക് സജ്ജമാക്കുകയാണ് നാഫെഡ്. നിലവിൽ ഒരു ലക്ഷം ടൺ കൊപ്ര കേന്ദ്ര എജൻസിയുടെ വിവിധ ഗോഡൗണുകളിലുണ്ട്. ഇതിൽ ചെറിയൊരു പങ്ക് വിൽപനക്ക് മാസാരംഭം നീക്കം നടത്തിയെങ്കിലും വ്യവസായികളുടെ പിൻതുണ ഉറപ്പ് വരുത്താനായില്ല. പല കയറ്റുമതി രാജ്യങ്ങളും പാം ഓയിൽ, സൂര്യകാന്തി, സോയ എണ്ണകൾ വില കുറച്ച് വിറ്റുമാറാനുള്ള അതിവിപുലമായ ഒരു വിപണിയായി ഇന്ത്യയെ മാറ്റി.
അടുത്ത സീസണിലെ കുരുമുളക് ഉൽപാദനം സംബന്ധിച്ച വ്യക്തമായ ചിത്രം തയാറാവുന്നു. തുലാമഴയുടെ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്ന വ്യതിയാനങ്ങൾ കുരുമുളക് തോട്ടങ്ങളിലെ തിരികളിലും പ്രകടമാവും. പല ഭാഗങ്ങളിലും ഇതിനകം തന്നെ തിരികൾ അടർന്നു വീണു, ചില പ്രദേശങ്ങളിൽ ചൂടിൽ തിരികൾ കരിഞ്ഞ് ഉണങ്ങി. അതേ സമയം കാലാവസ്ഥ വ്യതിയാനങ്ങൾക്കിടയിൽ ഉൽപാദനം വർധിച്ചതായ സൂചനകൾ ഒരു ഭാഗത്ത് നിന്നും ഇനിയും റിപ്പോർട്ട് ചെയ്തിട്ടില്ല. കർണാടകത്തിൽ നിന്നും ഉൽപാദനം ഉയരുമെന്ന വാർത്തകൾ ഒന്നും തന്നെ പുറത്തുവന്നില്ല.
അന്തർസംസ്ഥാന വ്യാപാരികൾ ടെർമിനൽ മാർക്കറ്റിനെ തഴഞ്ഞ് കുരുമുളകിനായി കാർഷിക മേഖലകളിലേക്ക് തിരിഞ്ഞു. വിപണിയിൽ ചരക്ക് ക്ഷാമമുള്ളതിനാൽ വിലക്കയറ്റം ഒഴിവാക്കാൻ ഉൽപാദകരിൽ നിന്നും നേരിട്ട് മുളക് ശേഖരിക്കാൻ ശ്രമം തുടങ്ങി. മികച്ചയിനം കുരുമുളക് കൈവശമുള്ള കർഷകർ പക്ഷേ പത്തായങ്ങളിലുള്ള ചരക്ക് ഇറക്കിയില്ല. ഉണക്കും ലിറ്റർ വെയിറ്റ് കൂടിയതുമായ ഹൈറേഞ്ച്, വയനാടൻ മുളക് വർഷങ്ങൾ സൂക്ഷിക്കാനാവുമെന്ന വിശ്വാസം അവരെ വിൽപനയിൽ നിന്നും അകറ്റി. കൊച്ചിയിൽ അൺഗാർബിൾഡ് മുളക് 60,800 രൂപ. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 7750 ഡോളർ.
കൊൽക്കത്തയിൽ നിന്നുള്ള വാങ്ങലുകാർ നവരാത്രി വേളയിലെ ആവശ്യങ്ങൾക്കുള്ള ഏലക്ക സംഭരണം നടത്തി. ഇടപാടുകാർ നേരിട്ടും മധ്യവർത്തികൾ മുഖാന്തരവും ഏലക്ക ശേഖരിച്ചു. കൊറോണ കാലയളവിന് ശേഷം നവരാത്രി വിൽപനകൾ ഇക്കുറി പൊടിപൊടിക്കുമെന്ന കണക്കുകൂട്ടലിലാണ് ബംഗാളിൽ നിന്നുള്ള വാങ്ങലുകാർ. മുന്നിലുള്ള കല്യാണ സീസണിലെ ആവശ്യങ്ങൾക്കും ചരക്ക് വാങ്ങി. വാരാന്ത്യം നടന്ന ലേലത്തിൽ വലിപ്പം കൂടിയ ഇനങ്ങൾ കിലോ 2270 രൂപയിലും ശരാശരി ഇനങ്ങൾ 1690 രൂപയിലുമാണ്. ഉത്തരേന്ത്യൻ ഔഷധ നിർമാതാകളും കറിമസാല വ്യവസായികളും ജാതിക്ക സംഭരണം ഊർജിതമാക്കി. സീസൺ അവസാനിച്ചതിനാൽ മധ്യകേരളത്തിൽ നിന്നുള്ള ജാതിക്ക, ജാതിപത്രി വരവ് കുറഞ്ഞു. ഓഫ് സീസണിലെ വിലക്കയറ്റം പ്രതീക്ഷിച്ച് പലരും ചരക്ക് പിടിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളുമായി വ്യാപാരം ഉറപ്പിച്ച കയറ്റുമതിക്കാർ മികച്ചയിനം ചരക്ക് വിപണി അറിയാതെ വില ഉയർത്തി ശേഖരിച്ചു. ജാതിക്ക കിലോ 240 രൂപയിലും ജാതിപത്രി 480 രൂപയിലുമാണ്.
രാജ്യാന്തര റബറിൽ നിന്നും അനുകൂല വാർത്തകൾ വരുമെന്ന പ്രതീക്ഷയിലാണ് മുഖ്യ റബർ ഉൽപാദക രാജ്യങ്ങൾ. ജാപ്പനീസ് എക്‌സ്‌ചേഞ്ചിൽ റബറിലെ വിൽപന സമ്മർദത്തിന് അയവ് വന്നിട്ടില്ലെങ്കിലും സിംഗപ്പൂർ, ചൈനീസ് മാർക്കറ്റുകളിലെ ചാഞ്ചാട്ടം ഊഹക്കച്ചവടക്കാരെ വാങ്ങലുകാരാക്കാം.
കേരളത്തിൽ കാലാവസ്ഥ അനുകൂലമായതോടെ റബർ ഉൽപാദനം വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ഉയർന്നു. പുതിയ ഷീറ്റ് തിരക്കിട്ട് വിൽപനക്ക് ഇറക്കാൻ വൻകിട തോട്ടങ്ങൾ ഉത്സാഹം കാണിച്ചിട്ടില്ല. നിത്യാവശ്യങ്ങൾക്ക് പണം കണ്ടെത്താനുള്ള ചെറുകിട കർഷകർ ലാറ്റക്‌സ് വിൽപന നടത്തി. നാലാം ഗ്രേഡ് റബർ 14,600 ൽ നിന്നും 15,200 രൂപയായി.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വില കുതിച്ചു. പവൻ 42,520 രൂപയിൽ നിന്നും 43,000 ലെ പ്രതിരോധവും തകർത്ത് 44,320 രൂപയായി. ഗ്രാമിന് വില 5315 ൽ നിന്നും 5540 രൂപയായി.