ആഗോള എണ്ണ വില ബാരലിന് 85 ഡോളർ എന്ന നിലയിൽ ഉറച്ചു നിൽക്കുന്നുവെങ്കിലും ഇസ്രായിലും ഹമാസും തമ്മിൽ ഉടലെടുത്ത യുദ്ധം പശ്്ചിമേഷ്യയിലെ എണ്ണ വിതരണ ശൃംഖലയെ ആകെ താളം തെറ്റിക്കുമെന്ന ഭയം സാർവത്രികമാണ്. സൗദി അറേബ്യയും റഷ്യയും സ്വമേധയാ ഉൽപാദനം വെട്ടിക്കുറച്ച തീരുമാനം ദീർഘിപ്പിച്ചതോടെ ഉയർന്ന ആശങ്കകളെത്തുടർന്ന് സെപ്റ്റംബർ ഒടുവിൽ വില ഒരു വർഷത്തെ ഏറ്റവും ഉയരത്തിലെത്തിയിരുന്നു. എന്നാൽ ഈ സ്ഥിതി നീണ്ടുനിന്നില്ല. അപ്രതീക്ഷിതമായി യു.എസ് ക്രൂഡോയിൽ ഉൽപാദനം വർധിപ്പിക്കുകയും ഡിമാന്റിനെച്ചൊല്ലി പൊതുവെ ആശങ്കകൾ ഉയരുകയും ചെയ്തത് വിലയെ ദോഷകരമായി ബാധിച്ചു. എന്നാൽ ഇസ്രായിലും ഹമാസും തമ്മിൽ ഇപ്പോൾ നടക്കുന്ന സംഘർഷം ആഗോള എണ്ണ വിപണിയിൽ തീവ്രമായ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കയാണ്. യുദ്ധം മൂലം ഉടലെടുത്ത പ്രതിസന്ധി പശ്ചിമേഷ്യയിലുടനീളം വ്യാപിക്കുകയും ലോക എണ്ണ വിപണിക്ക് ഭീഷണിയാവുകയും ചെയ്തേക്കാം.
ഇസ്രായിലോ ഗാസയോ കാര്യമായി എണ്ണ ഉൽപാദനം നടത്താത്തതിനാൽ ഇവരുടെ സംഘർഷത്തിന് എണ്ണ വിലയിൽ നേരിട്ടുള്ള ആഘാതം പരിമിതമായിരിക്കും. എങ്കിലും സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് മിഡിലീസ്റ്റിലെമ്പാടും എണ്ണ വിതരണത്തെ ബാധിക്കുക തന്നെ ചെയ്യും. ആഗോള ഊർജ ഉൽപാദന, വിതരണ രംഗങ്ങളിൽ മിഡിലീസ്റ്റ് നിർണായക മേഖലയാണ്. സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ, ഇറാൻ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ഈ മേഖലയിലെ മുഖ്യ എണ്ണ ഉൽപാദകർ. ആഗോള ഉൽപാദനത്തിന്റെ 30 ശതമാനത്തിലേറെയും വരുന്നത് ഇവിടെ നിന്നാണ്. ഇപ്പോഴത്തെ സംഘർഷം ഈ മേഖലയുടെ സുരക്ഷിതത്വത്തെക്കുറിച്ചും ഭദ്രതയെക്കുറിച്ചും ആശങ്ക ഉയർത്തുന്നുണ്ട്. ഇത് നിക്ഷേപകരെ സ്വാധീനിക്കും. എണ്ണ വിലയെ ബാധിക്കുകയും ചെയ്യും. മേഖലയിലെ സുരക്ഷയില്ലായ്മ എണ്ണ വിതരണ ശൃംഖലയിൽ താളപ്പിഴ സൃഷ്ടിക്കും. സംഘർഷ മേഖലയുടെ സാമീപ്യം സുരക്ഷ പ്രശ്നങ്ങൾക്കും എണ്ണപ്പാടങ്ങൾ, പൈപ്പ് ലൈനുകൾ, കപ്പൽ പാതകൾ എന്നിവയുടെ സുരക്ഷക്കും ഭീഷണി ഉയർത്തുന്നുണ്ട്.
ഇന്നത്തെ വിപണി ബലതന്ത്രമനുസരിച്ച്്, ഇറാന്റെ പങ്ക് സുപ്രധാനമാണ്. കാരണം സൗദി അറേബ്യയും റഷ്യയും സ്വമേധയാ ഏർപ്പെടുത്തിയ ഡിസംബർ വരെ നീളുന്ന ഉൽപാദനച്ചുരുക്കലിന്റെ പ്രയാസങ്ങളിൽ നിന്ന് എണ്ണ വിപണിയെ വലിയ തോതിൽ രക്ഷപ്പെടുത്തുന്നത് ഇറാനിൽ നിന്നുള്ള എണ്ണയാണ്. റിപ്പോർട്ടുകളനുസരിച്ച് ഇറാന്റെ എണ്ണ ഉൽപാദനവും കയറ്റുമതിയും വർധിച്ചു വരികയാണ്. ഏറ്റവും വലിയ ഉപഭോക്താക്കൾ ചൈനയും. അമേരിക്കൻ ഉപരോധത്തിനിടയിലും ഓഗസ്റ്റിൽ ഇറാൻ 3.15 മില്യൺ ബാരൽ എണ്ണ ഉൽപാദിപ്പിച്ചു. യു.എസ് കഴിഞ്ഞാൽ 2023 ൽ ഏറ്റവും കൂടുതൽ അധിക എണ്ണ ഉൽപാദിപ്പിച്ചത് ഇറാനാണ്.
ഇറാനെതിരെ പുതിയ ഉപരോധം വരികയോ എണ്ണ കൊണ്ടു പോകുന്നതിന് തടസ്സങ്ങൾ നേരിടുകയോ ചെയ്താൽ ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി തടസ്സപ്പെടും. ഇസ്രായിൽ-ഹമാസ് സംഘർഷം എണ്ണ വിതരണത്തെ നേരിട്ട് ബാധിക്കില്ല എന്ന നിലപാടിലാണ് അന്തർദേശീയ ഊർജ ഏജൻസി. വേണ്ടിവന്നാൽ വിതരണം തടസ്സമില്ലാതെ നിലനിർത്താൻ ഇടപെടുമെന്നും ഏജൻസി പറയുന്നു.
ഹ്രസ്വകാല വില വ്യതിയാനങ്ങൾക്കായി മിഡിലീസ്റ്റിൽ നിന്നുള്ള ചലനങ്ങൾ ശ്രദ്ധയോടെ ഉറ്റുനോക്കുകയാണ് വ്യാപാരികൾ. എണ്ണയുടെ ഡിമാന്റിൽ വലിയ വളർച്ച പ്രതീക്ഷിക്കുന്നില്ല. മോശമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ വിതരണത്തെ ബാധിക്കുമെന്ന ഭീതിയുമുണ്ട്.
ന്യൂയോർക്ക് ഉൽപന്ന വിപണിയായ നൈമെക്സിൽ എണ്ണ വില ബാരലിന് 95 ഡോളറിൽ നിന്ന് മുന്നോട്ടു പോകില്ല. ഈ പരിധി മറികടക്കാനിടയായാൽ കുതിപ്പുണ്ടാവുകയും ചെയ്യും. പശ്ചിമേഷ്യ സംഘർഷം ഇനിയും മുറുകുകയും ഇറാനിൽ നിന്നുള്ള കയറ്റുമതിയെ ബാധിക്കുകയും ചെയ്താൽ ഏഷ്യൻ ക്രൂഡോയിൽ സൂചികയായ ബ്രെന്റിന്റെ വില 100 ഡോളർ മറി കടക്കുകയും വൈകാതെ മുന്നോട്ട് പോവുകയും ചെയ്തേക്കാം. അല്ലാത്തപക്ഷം വില പ്രതികൂല ചായ്‌വോടെ നിശ്ചിത പരിധികളിൽ തന്നെ നിൽക്കാനാണിട.
(ജിയോജിത് ഫിനാൻഷ്യൽ സർവീസസ് കമ്മോഡിറ്റി മേധാവിയാണ് ലേഖകൻ)