മുംബൈ- ഫോര്‍ബ്സ് മാസികയുടെ 2023ലെ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടിക പ്രകാരം ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ആഭരണ വ്യാപാരി. ഫോബ്സിന്റെ പട്ടികയില്‍ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരില്‍ 50-ാം സ്ഥാനത്താണ് ജോയ് ആലുക്കാസുള്ളത്.
കഴിഞ്ഞ വര്‍ഷം 69-ാം സ്ഥാനത്തായിരുന്ന ജോയ് ആലുക്കാസ് ഒരു വര്‍ഷത്തിനകം 19 റാങ്കുകള്‍ ഉയര്‍ത്തിയാണ് 50ലെത്തിയത്.
2023 സാമ്പത്തിക വര്‍ഷത്തില്‍ ജോയ് ആലുക്കാസിന് 14,513 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. ഇന്ത്യയില്‍ 899 കോടി രൂപയുടെ അറ്റാദായമാണുണ്ടായത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 17,500 കോടി രൂപയുടെ വിറ്റുവരവും 1,100 കോടി രൂപയുടെ അറ്റാദായവുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ജോയ് ആലുക്കാസിന് ലോകത്ത് 160 ഷോറൂമുകളുള്ളതില്‍ നൂറെണ്ണമാണ് ഇന്ത്യയിലേത്. ഇന്ത്യയിലെ മൊത്തം ഷോറൂമുകളുടെ എണ്ണം 130 ആയി ഉയര്‍ത്തുന്നതിനോടൊപ്പം ഉത്തരേന്ത്യയില്‍ കൂടുതല്‍ ആഭരണശാലകള്‍ ആരംഭിക്കും.
ഇന്ത്യയില്‍ 30 പുതിയ ഷോറൂമുകളും വിദേശത്ത് 10 ഔട്ട്ലെറ്റുകളും തുറക്കുന്നതിന് അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ഏകദേശം 2,400 കോടി രൂപ നിക്ഷേപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണാഭരണ റീട്ടെയില്‍ ഔട്ട്ലെറ്റ് ജോയ് ആലുക്കാസിന്റെ ചെന്നൈ ഷോറൂമാണ്.