ബംഗളൂരു- എംബിഎ ബിരുദധാരിയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും ബംഗളൂരുവിലെ ഒറ്റമുറി ഫ് ളാറ്റില്‍ സ്ഥാപനം ആരംഭിച്ച് തട്ടിയെടുത്തത് 854 കോടി രൂപ. സൈബര്‍ തട്ടിപ്പ് വഴി ആയിരക്കണക്കിനാളുകളെയാണ് ഇവര്‍ കബളിപ്പിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
33 കാരനായ എംബിഎ ബിരുദധാരിയും 36 കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമാണ് യെലഹങ്കയിലെ വീട് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ് നടത്തിയത്. എന്നാല്‍ ഇവര്‍ ദുബായ് കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
രണ്ട് വര്‍ഷം മുമ്പാണ് പേരില്ലാത്ത സംരംഭം ആരംഭിച്ചതെന്നും ജോലിക്കാരായി നിയമിക്കപ്പെട്ടവര്‍ക്ക് രാത്രിയും പകലും സജീവമായ എട്ട് മൊബൈല്‍ ഫോണുകളാണ് നില്‍കിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എംബിഎ ബിരുദധാരികളായ രണ്ടുപേരെ ബംഗളൂരു സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. മനോജ് ശ്രീനിവാസ്, കെ. ഫണീന്ദ്ര കെ എന്നിവരാണ് അറസ്റ്റിലായത്. മറ്റ് നാലുപേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
8.5 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് 26 കാരിയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്. ആദ്യം ഒരു ആപ്പിലും പിന്നീട് വാട്ട്‌സ്ആപ്പിലുമാണ് സംഘം ചെറിയ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് യുവതിയുമായി ബന്ധപ്പെട്ടത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി നിക്ഷേപം ക്ഷണിച്ചാണ് സംഘം ആയിരക്കണക്കിനാളുകളെ കബളിപ്പിച്ചത്.
ഇരുവരും വാടകയ്‌ക്കെടുത്ത വീട് ഇന്ത്യയിലുടനീളം പ്രവര്‍ത്തിക്കുന്ന വ്യാപകമായ തട്ടിപ്പ് ശൃംഖലയ്ക്ക് വഴിയൊരുക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ചെറിയ തുകകള്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ച് ആയിരക്കണക്കിന് വ്യക്തികളെയാണ് ഈ നെറ്റ്‌വര്‍ക്ക് വഞ്ചിച്ചത്.
സൈബര്‍ െ്രെകം നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 84 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലൂടെ 854 കോടി രൂപ ഒഴുകിയെത്തി. കഴിഞ്ഞ മാസം പോലീസ് ഈ അക്കൗണ്ടുകള്‍ ട്രാക്ക് ചെയ്യുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തപ്പോള്‍ അവശേഷിച്ചത് അഞ്ച് കോടി രൂപ മാത്രം.
സൈബര്‍ ക്രൈം പോലീസ് ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്ത്യയിലുടനീളം രജിസ്റ്റര്‍ ചെയ്ത 5,103 കേസുകളില്‍ ഈ പ്രതികള്‍ ഒരേ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചതായി കണ്ടെത്തി. 487 കേസുകള്‍ കര്‍ണാടകയില്‍ നിന്നാണ്. തെലങ്കാനയില്‍ 719 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഗുജറാത്തിലും ഉത്തര്‍പ്രദേശിലും യഥാക്രമം 642, 505 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
854 കോടിയില്‍ ഭൂരിഭാഗവും ഗെയിമിംഗ് ആപ്പുകള്‍, യുഎസ്ഡിടി പോലുള്ള ക്രിപ്‌റ്റോ കറന്‍സി, ഓണ്‍ലൈന്‍ കാസിനോ, പെയ്‌മെന്റ് ഗേറ്റ് വേ എന്നിവ വഴി ദുബായി കേന്ദീകരിച്ച് പ്രര്‍ത്തിക്കുന്നുവെന്ന് കരുതുന്ന മുഖ്യസൂത്രധാരന്മാരിലെത്തിയെന്നാണ് പോലീസിന്റെ നിഗമനം. ബംഗളൂരുവില്‍ പിടിയിലായ തട്ടിപ്പുകാര്‍ ഒരിക്കലും ദുബായ് കേന്ദീകരിച്ചുള്ള സൂത്രധാരന്മാരെ നേരിട്ട് കണ്ടിട്ടില്ലെന്നും പോലീസ് പറയുന്നു.
സോഷ്യല്‍ മീഡിയ വഴി മാത്രം ആശയവിനിമയം നടത്തിയ ദുബായ് ആസ്ഥാനമായള്ളവര്‍ക്ക് ചൈനയിലെ തട്ടിപ്പുകുരമായി ബന്ധമുണ്ടോയെന്ന് കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഒ.ടി.പികളുടെ പകര്‍പ്പ് ദുബായിലുള്ളവര്‍ക്ക് കൂടി ലഭിക്കുന്ന വിധത്തിലുള്ള ആപ്പ് ഉപയോഗിക്കാനാണ് ബംഗളൂരുവിലുള്ളവരോട് ആവശ്യപ്പെട്ടിരുന്നത്. പ്രാദേശികമായുള്ള ബാങ്ക് അക്കൗണ്ടുകളെന്ന് വിശ്വസിപ്പിക്കാനും തട്ടിപ്പുകാര്‍ ശ്രദ്ധിച്ചിരുന്നു.