ബെയ്ജിംഗ്- ചൈനയുടെ ജനനനിരക്ക് പത്ത് ശതമാനം കുറഞ്ഞ് ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന നിലയിലെത്തി. ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് അധികൃതര്‍ ഊര്‍ജിത ശ്രമങ്ങള്‍ നടത്തിയിട്ടും ജനനനിരക്കില്‍ ഗണ്യമായ ഇടിവ് തുടരുകയാണ്.
2022ല്‍ രാജ്യത്ത് 9.56 ദശലക്ഷം ജനനങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. 1949 മുതല്‍ ജനന രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ശിശു സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഉയര്‍ന്ന ചെലവ്, വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, തൊഴില്‍ അരക്ഷിതാവസ്ഥ, ലിംഗവിവേചനം എന്നിവയെല്ലാം ഒന്നിലധികം കുട്ടികളില്‍ നിന്നോ കുട്ടികളുണ്ടാകുന്നതില്‍ നിന്നോ യുവ ദമ്പതികളെ പിന്തിരിപ്പിക്കുകയാണെന്ന് വിദഗ്ധര്‍ കരുതുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ആറ് പതിറ്റാണ്ടിനിടെ ചൈനയുടെ ജനസംഖ്യ ആദ്യമായി കുറഞ്ഞു. 1.41 ബില്യണ്‍ ആളുകളായാണ് ജനസംഖ്യ കുറഞ്ഞത്. സമ്പന്നമാകുന്നതിന് മുമ്പ് രാജ്യത്തിന് പ്രായമാകുമെന്നാണ് ജനസംഖ്യാപരമായ മാറ്റത്തില്‍ ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നത്. കുതിച്ചുയരുന്ന ആരോഗ്യ, ക്ഷേമ ചെലവുകള്‍ കാരണം സര്‍ക്കാര്‍ കടം വര്‍ധിക്കുമ്പോള്‍ തന്നെ നികുതി വരുമാനം കുറയുകയും സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാകുകയും ചെയ്യുന്നു.
1980നും 2015നും ഇടയില്‍ നടപ്പാക്കിയ ചൈനയുടെ ഒറ്റക്കുട്ടി നയമാണ് ജനസംഖ്യാപരമായ മാന്ദ്യത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മേയ് മാസത്തില്‍ പ്രസിഡന്റ് ഷി ജിന്‍പിംഗ് ഈ വിഷയം പഠിക്കാന്‍ ഒരു പാനലിനെ നിയോഗിച്ചിരുന്നു.
2020 ല്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരി വ്യാപകമായ ലോക്ഡൗണുകളിലേക്ക് നയിച്ചപ്പോള്‍ ആളുകള്‍ വീടുകളില്‍തന്നെ കഴിയാന്‍ നിര്‍ബന്ധിതമായിരുന്നു. ഇത് ജനസംഖ്യ വര്‍ധിക്കാന്‍ കാരണമാകുമെന്ന് പല മാധ്യമങ്ങളും പണ്ഡിറ്റുകളും പ്രവചിച്ചിരുന്നുവെങ്കിലും ചൈനയില്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലും വിപരീതമായാണ് സംഭവിച്ചത്. ഉയര്‍ന്ന വരുമാനമുള്ള പല രാജ്യങ്ങളിലും ജനനനിരക്ക് കുറയുകയാണ് ചെയ്തതെന്ന് പുതിയ പഠനം കാണിക്കുന്നു.