കൊച്ചി- ആഗോളതലത്തില്‍ എഴുപതു കുടി രൂപ കലക്ഷനുമായി മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് മൂന്നാം വാരത്തിലേക്ക്. മൂന്നാം വാരത്തിലും മുന്നൂറില്‍പരം സ്‌ക്രീനുകളിലാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ചിത്രത്തിന്റെ സക്‌സസ് ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, വടക്കേ ഇന്ത്യ ഉള്‍പ്പെടെയുള്ള മേഖലകളില്‍ മൂന്നാം വാരത്തിലും 100ന് മേലെ സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ജി. സി. സി, യു. എസ്, യു. കെ മറ്റു വിദേശ രാജ്യങ്ങളിലും മികച്ച കളക്ഷനും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
മമ്മൂട്ടിയോടൊപ്പം കിഷോര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ഡോ. റാണി, ശബരീഷ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്പോള്‍, ധ്രുവന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
ഛായാഗ്രഹണം: മുഹമ്മദ് റാഫില്‍, എഡിറ്റിങ്: പ്രവീണ്‍ പ്രഭാകര്‍, പി. ആര്‍. ഒ: പ്രതീഷ് ശേഖര്‍.