ഹൈദരാബാദ്- പിതാവും ടി.ഡി.പി അധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡുവിന് ജയിലില്‍ ജീവന് ഭീഷണിയുണ്ടെന്ന് മകന് നാരാ ലോകേഷ്. അദ്ദേഹത്തെ മനപ്പൂര്‍വ്വം ഉപദ്രവിക്കുകയാണെന്നും സുരക്ഷ അപകടത്തിലാണെന്നും തെലുഗുദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ നാരാ ലോകേഷ് ആരോപിച്ചു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ എന്‍. ചന്ദ്രബാബു നായിഡു നിലവില്‍ രാജമഹേന്ദ്രവാരം സെന്‍ട്രല്‍ ജയിലിലാണ് കഴിയുന്നത്. ജയിലില്‍ കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാത്തതിനാല്‍ അണുബാധയും അലര്‍ജിയും മൂലം അദ്ദേഹം ശരീരഭാരം കുറഞ്ഞുവെന്നും നാരാ ലോകേഷ് ചൂണ്ടിക്കാട്ടി.
കൊതുകുകള്‍, മലിനജലം, ശരീരഭാരം കുറയുന്നത്, അണുബാധകള്‍, അലര്‍ജി തുടങ്ങിയവ നേരിടുന്നു. സമയബന്ധിതമായ വൈദ്യസഹായം ലഭ്യമല്ല. ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തിന് സ്റ്റിറോയിഡുകള്‍ നല്കാന് ശ്രമിക്കുന്നുവെന്നും എക്സ് പോസ്റ്റിലൂടെ ലോകേഷ് ആരോപിച്ചു.