Sorry, you need to enable JavaScript to visit this website.

വേലയിലെ 'പാതകള്‍' ലിറിക്കല്‍ വീഡിയോ മെഗാ സ്റ്റാര്‍ മമ്മൂട്ടി റിലീസ് ചെയ്തു

കൊച്ചി- ആര്‍. ഡി. എക്‌സിന്റെ വന്‍ വിജയത്തിന് ശേഷം സാം. സി. എസ്സിന്റെ സംഗീത സംവിധാനത്തില്‍ ഷെയിന്‍ നിഗം ഗാനരംഗത്തിലെത്തുന്ന വേലയിലെ 'പാതകള്‍ പലര്‍' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെ റിലീസ് ചെയ്തു. 

അന്‍വര്‍ അലി ഗാനരചന നിര്‍വഹിച്ചിരിക്കുന്ന വേലയിലെ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ആണ്. ഷെയിന്‍ നിഗവും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഉല്ലാസ് അഗസ്റ്റിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെയും മല്ലികാര്‍ജുനന്‍ എന്ന പോലീസ് കഥാപാത്രത്തെ സണ്ണിവെയ്നും അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ഭരതന്‍ ചിത്രത്തില്‍ ശ്രേദ്ധേയമായ പോലീസ് കഥാപാത്രത്തിലെത്തുന്നു.

സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിര്‍വഹിച്ചിരിക്കുന്നു. അതിഥി ബാലന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്‌സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. നവംബര്‍ 10നാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് കേരളത്തില്‍ ചിത്രം വിതരണം നിര്‍വഹിക്കുന്നത്.

വേലയുടെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്: ചിത്രസംയോജനം: മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം: സുരേഷ് രാജന്‍, പി. ആര്‍. ഒ: പ്രതീഷ് ശേഖര്‍.

Latest News