ബെംഗളൂരു / ന്യൂഡൽഹി - മുതിർന്ന മാധ്യമപ്രവർത്തകനും എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ മുൻ സെക്രട്ടറി ജനറലുമായിരുന്ന കെ.എസ് സച്ചിദാനന്ദമൂർത്തി അന്തരിച്ചു. ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.
ദ വീക്കിന്റേയും മലയാള മനോരമയുടേയും ഡൽഹി റസിഡന്റ് എഡിറ്ററായി പ്രവർത്തിച്ച അദ്ദേഹം പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
1982-ൽ മാധ്യമപ്രവർത്തനം ആരംഭിച്ച സച്ചിദാനന്ദമൂർത്തി രാജ്യതലസ്ഥാനത്തെ ഏറ്റവും മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളാണ്. ദേശീയ, അന്തർ ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നതിലെ അദ്ദേഹത്തിന്റെ പ്രാഗൽഭ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദർലഭ് സിങ് സ്മാര മീഡിയ അവാർഡ്, കർണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.