വെസ്റ്റ് ബാങ്ക്- അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികളുടെ വിലാപ യാത്രയെ ഇസ്രായില്‍ സൈനികരും കുടിയേറ്റക്കാരും ആക്രമിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച സായുധരായ കുടിയേറ്റക്കാര്‍ കൊലപ്പെടുത്തിയ നാല് ഫലസ്തീനികളെ ഖബറടക്കാന്‍ കൊണ്ടുപോകുകയായിരുന്ന വിലാപ യാത്രയെയാണ് ആക്രമിച്ചത്. ഇസ്രായില്‍ കുടിയേറ്റക്കാര്‍ ഒരു ഫലസ്തീനിയേയും മകനെയും കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നബ്‌ലസിന് സമീപമുള്ള ഖുസ്ര ഗ്രാമത്തില്‍ കുടിയേറ്റക്കാരും ഇസ്രായില്‍ സൈനികരും ചേര്‍ന്ന് കൊലപ്പെടുത്തിയ നാല് ഫലസ്തീനികളെ മറവു ചെയ്യുന്നതിനിടെയാണ് കുടിയേറ്റക്കാര്‍ വെടിയുതിര്‍ത്തത്. ഇബ്രാഹിം അല്‍ വാദിയും മകന്‍ അഹമ്മദ് അല്‍ വാദിയുമാണ് വെടിയേറ്റ് മരിച്ചത്.
വിലാപ യാത്ര തടയാന്‍ കുടിയേറ്റക്കാര്‍ തെരുവില്‍ കൂട്ടിയിട്ട ടയറുകള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റത്.
വിലാപ യാത്രക്ക് വഴിയൊരുക്കാന്‍ ശ്രമിക്കുന്നതിനിടെ, മറ്റുള്ളവരോടൊപ്പം പിതാവും മകനും കുടിയേറ്റക്കാരെ നേരിട്ടതായി ഇബ്രാഹിമിന്റെ സഹോദരന്‍ അബ്ദുള്‍ അസീം പറഞ്ഞു. റോഡിലെ തടസ്സങ്ങള്‍ നീക്കുന്നതിനിടെ ചിലര്‍ കല്ലെറിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ഈ സമയത്ത് ഇസ്രായേല്‍ സൈന്യം ഇടപെട്ടുവെന്നും കുടിയേറ്റക്കാരും സൈനികരുമാണ് വെടിയുതിര്‍ത്തതെന്നും അസീം പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്കന്‍ ഭാഗത്താണ് അര ഡസന്‍ അനധികൃത ഇസ്രയേലി സെറ്റില്‍മെന്റുകളുള്ള ഖുസ്ര ഗ്രാമം.
ഖുസ്രയില്‍ ഫലസ്തീനികള്‍ക്കെതിരായ കുടിയേറ്റക്കാരുടെ ആക്രമണം ആസൂത്രിതമാണെന്നും ശനിയാഴ്ച ഇസ്രായില്‍-ഹമാസ് യുദ്ധം ആരംഭിക്കുന്നതിന് മുമ്പുതന്നെ ആക്രമണം പതിവായിരുന്നുവെന്നും ഫലസ്തീനികള്‍ പറയുന്നു.