Sorry, you need to enable JavaScript to visit this website.

ആ മഴ ഇപ്പോഴും  പെയ്തുകൊണ്ടേയിരിക്കുന്നു... 

റാന്തൽ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ, പുറത്ത് പെയ്യുന്ന മഴയുടെ ആരവത്തിന് കാതോർത്ത് ഉമ്മറത്തിണ്ണയിൽ ചടഞ്ഞിരിക്കുമ്പോൾ,
അയൽപക്കത്തെ വല്യമ്മ ഉമ്മാനേ ഓർമ്മിപ്പിക്കുന്നത് കേൾക്കാം...
ഇതെന്ത് മഴയാണ്, ഉരുൾപൊട്ടോന്നാ പേടി....
നശിപ്പിച്ചു...
അവർ പറയുകയും മറക്കുകയും ചെയ്യും...
ഞാനെങ്ങനെ മറക്കാനാണ്...?
സകലരും പുതപ്പിനുള്ളിലേക്ക് വലിഞ്ഞുകേറി ചുരുണ്ട് മടങ്ങുമ്പോൾ സംഭവിക്കാൻ സാധ്യത കൂടുതലുള്ള ഉരുൾപൊട്ടലിന്റെയും ഭൂചലനത്തിന്റേയും ലസാഗു കണക്കാക്കി ഉറക്കമൊഴിച്ചിരിക്കുന്നത് അത്ര സുഖമുള്ള ഏർപ്പാടായി, തോന്നിയിട്ടില്ല....
പിറ്റേന്ന്, സ്‌കൂൾബഞ്ചിൽ ജനലഴികൾ ആവാഹിച്ച് ആനയിപ്പിക്കുന്ന മഴചാറ്റലുമേറ്റ് തിങ്ങിക്കൂടിയിരിക്കുമ്പോഴും, ബ്ലാക്ക്‌ബോർഡിൽ ടീച്ചർ കുറിച്ചിട്ട വരികളെ നോട്ടിലേക്ക് പകർത്തുമ്പോഴും, വീട്ടിൽ ഉമ്മച്ചി തനിച്ചാണെന്ന ചിന്തകൾ വല്ലാതെ അസ്വസ്ഥപ്പെടുത്തും...
വീടിന് പുറകിലായി തഴച്ചു വളർന്ന വലിയ റബ്ബർ മരങ്ങളെ കുറിച്ച്...
അവ അകാലത്തിൽ വീടിന് മുകളിലേക്ക് ചെരിയാനുള്ള സാധ്യതകളെ കുറിച്ച്. ഒരു നാലാംക്ലാസുകാരിയുടെ ചിന്തകൾക്ക് ഇത്രയും ഭാരം ചുമക്കാൻ കഴിഞ്ഞത് എങ്ങനെയായിരുന്നിരിക്കണം. 
അറിയില്ല...
എങ്കിലും ചിന്താഭാരങ്ങൾ വീർക്കുകയും പിന്നെ പൊട്ടുകയും ചെയ്തുകൊണ്ടേയിരുന്നു. ബാല്യത്തിലെ മഴക്കാലങ്ങളിൽ നിന്നും കൗമാരം ഒന്ന് മാറി ചിന്തിച്ച് തുടങ്ങിയിരുന്നു. ഓരോ മഴയും എന്റെ ക്യാൻവാസുകളെ മനോഹരമാക്കി..മഴക്ക് മുമ്പുള്ള ആകാശവും നിറഞ്ഞൊഴുകുന്ന പാടവരമ്പും മഴക്കാലയാത്രകളും. എഴുതുമ്പോഴും വരക്കുമ്പോഴും
എന്റേതല്ലാത്ത ലോകത്തിലേക്കുള്ള തുരുത്തുകളായി തീർന്നിരുന്നു. 
മഴയിൽ പ്രണയമുണ്ടെന്ന് തോന്നി.ചാറ്റൽ മഴക്കും തണുത്ത കാറ്റിൽ ദിവാസ്വപ്‌നങ്ങളെ ഗർഭം ചുമക്കാൻ പ്രസവിക്കാൻ കഴിയുമായിരുന്നു. 
ഓരോ മഴയിലും പിറന്ന സ്വപ്‌നങ്ങൾ ചാപിള്ളയാണെന്ന തിരിച്ചറിവിൽ ശവസംസ്‌ക്കാരം നടന്നുകൊണ്ടേയിരുന്നു....
മഴ, 
പിന്നേയും പിന്നേയും ആർത്ത് ആർമാദിച്ച് ജീവിതത്തിന്റെ ഇടനാഴികളിലേക്ക് പെയ്തുകൊണ്ടേയിരുന്നു. കൈ നിറയെ മൈലാഞ്ചിയണിഞ്ഞ് മണവാട്ടി ചമഞ്ഞിരുന്ന ദിനം, മഴയുടെ ഭ്രാന്തൻ തുള്ളലിന് പഴി കേൾക്കേണ്ടി വന്നത് എന്നോ അടുക്കളപ്പുറത്തു നിന്നും ഞാൻ കയ്യിട്ടുവാരി അകത്താക്കിയെന്ന് അവകാശം പറഞ്ഞ തേങ്ങക്കായിരുന്നു...
ദൃക്‌സാക്ഷികളില്ലാത്ത പെരുംകള്ളം... ചിരകിവെച്ച തേങ്ങ എനിക്കിഷ്ടമല്ല....
പ്രിയതമൻ അരികിലേക്കായ് ചേർത്ത നാളുകളിൽ പെയ്യുകയും തോരുകയും ചെയ്ത ഓരോ മഴക്കും പ്രണയത്തിന്റെ ഭാവമായിരുന്നു. മഴ നനഞ്ഞുള്ള യാത്രകൾ അതിസുന്ദരവും, ചാറ്റലിന്റെ കുളിരിൽ തണുത്ത് വിറക്കുമ്പോൾ ഞങ്ങളൊന്നിച്ചൊരു കട്ടൻചായ. ആവി മേലോട്ടുയർന്ന് പെരുമഴയ്ക്കായ് വാശി പിടിക്കും. 
മഴക്ക്, 
അല്ല പെരുമഴക്ക് അപ്പുറത്ത് നിന്നും ഒരു മരണത്തിന്റെ ഗന്ധം ജീവിതത്തിലേക്ക് കടന്നുവന്നത് എത്ര പെട്ടന്നായിരുന്നു. കുഞ്ഞിൽ, ഓരോ മഴയിലും വീട്ടിൽ ഉമ്മ തനിച്ചാണെന്നോർത്ത് നീറിയും പിടഞ്ഞും തീർത്ത ചെറിയ മനസ്സല്ല, യൗവ്വനം കൊണ്ട് പാകപ്പെട്ട മനസിലേക്ക് വീണ്ടും മഴക്കൊപ്പം ഉമ്മയേ കുറിച്ചുള്ള ആധികൾ ഓക്കാനിക്കപ്പെട്ടിരിക്കുന്നു..
ഉമ്മാക്ക്, കാൻസറാണ്.....
അന്ന് ആ ദിനം നല്ല മഴയാണ്...
കീമോയുടെ പരവേശങ്ങൾക്കിടയിൽ ഉമ്മ പിടയുമ്പോൾ, ഉറക്കമൊഴിച്ച് ആ അരികിൽ  ഞാനിരിക്കുമ്പോൾ, പുറത്ത് പെയ്ത മഴയ്ക്കും എന്നിലെ തേങ്ങലുകൾക്കും ഒരേ നിറക്കൂട്ടുകളായിരുന്നു.....
ശരീരത്തിൽ കാൻസർ ഭക്ഷിക്കാൻ ഇനിയൊരിടവും ബാക്കിയില്ലാതായ ഉമ്മയുടെ മുഖത്തെ നിസ്സഹായവസ്ഥയിൽ ഒരു ചുംബനവും നൽകി,
നിരാശയറ്റിരിക്കുമ്പോൾ പുറത്ത് പെയ്ത ഓരോ മഴയോടും വെറുപ്പായിരുന്നു....

നീ എന്നെ പരിഹസിക്കുന്നോ, നീ കാണുന്നില്ലേ. എന്നോട് ഒന്നും മിണ്ടാതെ എന്റെ ഉമ്മ ഉറങ്ങുകയാണ്. നീ ആർത്ത് പെയ്തിട്ടും ഉമ്മ അയയിലെ തുണികളെ കുറിച്ച് വാചാലപ്പെട്ടില്ല. 
അന്നും നീ പെയ്തു. പള്ളിമിനാരത്തിൽ ളുഹുറിന്റെ ബാങ്കൊലി മുഴങ്ങുമ്പോൾ നീയും വന്നിരുന്നു. തന്റെ പ്രിയപ്പെട്ടവളുടെ അവസാന ശ്വാസത്തിന്റെ ഗന്ധം തൊട്ടറിയാൻ. 
ആ ഖബറിലേക്ക് പിന്നീട് പെയ്ത ഓരോ മഴയും പ്രാർത്ഥനകളായിരുന്നു. പുറത്ത് ആരും കേൾക്കാതെ, അടക്കി പിടിച്ച തേങ്ങലുകളിൽ,
മഴ പെയ്ത് തെളിയാത്ത ആകാശത്തിലേക്ക് കൈകളുയർത്തി പ്രാർത്ഥിച്ചു കൂട്ടിയ വിഢിത്തങ്ങൾ.
ആ ഖബറിലേക്ക് ഒരു ഫോൺ കൊടുക്കാവോ പടച്ചോനെ, എനിക്കൊന്ന് സംസാരിക്കണം ഇന്നും ഒന്നുമൊന്നുമാവാത്ത എന്റെ ജീവിതത്തിൽ എന്നെ തനിച്ചാക്കി പോയതിന് എനിക്ക് പരാതികൾ പറയണം.
ഞാനൊരമ്മയാകുമ്പോൾ ആരാണെന്റെ കുഞ്ഞിനെ പരിചരിക്കുക. ആരാണവൾക്ക് കുഞ്ഞുടുപ്പും കൺമഷിയും ചാർത്തുക.
സ്വന്തമായി തലചീകി മെനയാക്കാൻ പോലും പ്രാപ്തമല്ലാത്തവളായി ഓമനിച്ചെന്നെ വളർത്തിയപ്പോൾ, ചിന്തിച്ചില്ലേ ഉമ്മ....
ഇനി ജീവിതത്തിന്റെ ഓരോ നിമിഷവും ഭയം കൊണ്ടു ഞാൻ എങ്ങനെ ജീവിക്കുമെന്ന്.
നൂറു ചോദ്യങ്ങൾ ഹൃദയത്തിൽ മരിക്കാൻ വിധിക്കപ്പെട്ടവയാണ്,
കാരണം പ്രാർത്ഥനകളിലെ വിഡ്ഢിത്തങ്ങൾ സ്വീകരിക്കപ്പെടാറില്ല.
അങ്ങനെയങ്ങനെയങ്ങനെ... മഴയേ പേടിച്ചും സ്‌നേഹിച്ചും പ്രണയിച്ചും ഇടക്കൊന്ന് വെറുത്തും ഇന്ന് ഇപ്പോൾ മഴയോട് വികാരമറ്റിരിക്കുന്നു.
ആകാശം കറുത്തുമൂടുമ്പോൾ പുറത്ത് ഉണങ്ങിക്കിട്ടാത്ത തുണികൾ എന്നോട് പരിഭവം പറഞ്ഞാലോ?ഇനിയും വായിച്ചുത്തീർക്കാൻ എത്രയെന്നറിയില്ല..മഴയേറ്റ് നനഞ്ഞ ഏടുകളെ വിണ്ടും ചൂടേറ്റിയും ഉണക്കിയും മുന്നിലേക്ക് വായന തുടരണം..
എഴുത്ത് നിർത്തുമ്പോൾ പുറത്ത് മഴപെയ്യുന്നുണ്ട്. എനിക്കു വേണ്ടി മാത്രമല്ല. കര കവിഞ്ഞൊഴുകാൻ വെമ്പൽകൊള്ളുന്ന പുഴകൾ ഏറെയാണ്...
 

Latest News