ഗാസ- ഗാസയില്‍ വൈദ്യുതിക്കുള്ള ഏകാശ്രയമായ ഡീസല്‍ ഉപയോഗിച്ചുള്ള പവര്‍പ്ലാന്റ് ഏതുനിമിഷവും നിലക്കും. ഏതാനും മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തിക്കാനുള്ള ഇന്ധനം മാത്രമാണ് ഗാസ പവര്‍പ്ലാന്റില്‍ അവശേഷിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അത് കഴിഞ്ഞാല്‍ ഗാസ മുനമ്പ് പൂര്‍ണ്ണമായും ഇരുട്ടിലാകും. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.
ഇന്ധനം തീര്‍ന്നാല്‍ വൈദ്യുത നിലയം പൂര്‍ണമായും അടച്ചുപൂട്ടിയാല്‍ വലിയ മാനുഷിക ദുരന്തത്തെയാകും അഭിമുഖീകരിക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ലോകത്തിന് എസ്.ഒ.എസ് നല്‍കിയിരിക്കുകയാണ് ഗാസയിലെ ഡോക്ടര്‍മാര്‍.
ഗാസയില്‍ കര ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ബുധനാഴ്ചയും ആവര്‍ത്തിച്ചു. ഇസ്രയിലി സൈന്യം ഗാസ മുനമ്പില്‍ അഞ്ചാം ദിവസവും ആക്രമണം തുടരുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച 1,055 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രായേലില്‍ മരിച്ചവരുടെ എണ്ണം 1200 ആയി. 5,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.