ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴത്താനും കള്ളം പറയാന്‍ കര്‍ഷക സ്ത്രീയെ പഠിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ പത്രപ്രവര്‍ത്തകര്‍ കടുത്ത സമ്മര്‍ദത്തിലായെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രധാനമന്ത്രി മോഡിയെ വിമര്‍ശിക്കുന്നത് ഒഴിവാക്കാന്‍ പലവിധത്തിലുള്ള ഭീഷണിയും സമ്മര്‍ദവുമാണ് തുടരുന്നതെന്ന് മാധ്യമ പ്രവര്‍ത്തകരെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
കരിപ്പൂരില്‍ വലിയ വിമാനമിറക്കാന്‍ എയര്‍ ഇന്ത്യയും; സുരക്ഷാ പരിശോധന തിങ്കളാഴ്ച
ആറു ലക്ഷം റിയാൽ വിദേശത്തേക്ക് കടത്തുന്നതിനിടെ ഇന്ത്യക്കാരൻ പിടിയിൽ (വിഡിയോ)
ടി.വി ചാനലുകളില്‍ സംപ്രഷേണം ചെയ്ത കര്‍ഷക സ്ത്രീയുടെ സംഭാഷണം പറഞ്ഞു പഠിപ്പിച്ചതാണെന്ന വാര്‍ത്ത പുറത്തുവന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും കേന്ദ്ര സര്‍ക്കാരിനും വലിയ നാണക്കേടായിരിക്കയാണ്. ഇതിനു പിന്നാലെയാണ് മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഊര്‍ജിതമാക്കിയത്.
മോഡിയും കര്‍ഷകരും സംസാരിക്കുന്ന ദൃശ്യം കഴിഞ്ഞ ജൂണിലാണ് വിവിധ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നത്. തന്റെ വരുമാനം ഇരട്ടിയായെന്നും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ഇതിനു കാരണമെന്നും സര്‍ക്കാരിനു നന്ദി പറയുന്നുമായിരുന്നു കര്‍ഷക സ്ത്രീയുടെ സംഭാഷണം.
ഇതിനു പിന്നാലെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്റെ ഗ്രാമത്തിലെത്തി പറഞ്ഞു പഠിപ്പിക്കുകയായിരുന്നുവെന്ന് കര്‍ഷക സ്ത്രീ വെളിപ്പെടുത്തിയത് എബിപി ന്യൂസാണ് കഴിഞ്ഞ മാസം സംപ്രേഷണം ചെയ്തത്. ചാനല്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ കള്ളം പറയാന്‍ പഠിപ്പിച്ചതാണെന്ന് സ്ത്രീ സമ്മതിക്കുന്നതായിരുന്നു പുതിയ ദൃശ്യം.
ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് മിലിന്ദ് ഖണ്ഡേക്കറും മാസ്റ്റര്‍ സ്‌ട്രോക്ക് എന്ന പരിപാടിയുടെ അവതാരകന്‍ പുന്യ പ്രസൂണ്‍ ബാജ്‌പൈയും രാജിവെച്ചതോടെയാണ് വിവാദം വീണ്ടും കത്തിപ്പടരുന്നത്. മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചാനലിലെ മറ്റൊരു സീനിയര്‍ അവതാരകനെ 15 ദിവസമായി മാറ്റി നിര്‍ത്തിയിരിക്കയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എബിപി ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ ഉദ്ധരിച്ചാണ് എ.എഫ്.പിയുടെ റിപ്പോര്‍ട്ട്.
കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നതിനു പുറമെ, സമൂഹ മാധ്യമങ്ങളില്‍ വിഷയം കൂടുതല്‍ ചര്‍ച്ചായയിരിക്കയാണ്.
മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും അവരുടെ ജോലി ചെയ്യുമ്പോള്‍ അവരെ ലക്ഷ്യമിടുന്നത് ഖേദകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ലമെന്റില്‍ പറഞ്ഞു. മാധ്യമങ്ങളെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സര്‍ക്കാര്‍ പരാജയം സമ്മതിക്കുകയാണെന്നും തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഹിന്ദി ചാനലുകള്‍ അത് പുറത്തുകൊണ്ടുവരുന്നത് സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നും ഫാസിസ്റ്റ് പ്രവണത ഇനിയും ശക്തിപ്പെടാനാണ് സാധ്യതയെന്നും സംരംഭകനായ അരവിന്ദ് ജാ ട്വീറ്റ് ചെയ്തു. മാധ്യമ പ്രവര്‍ത്തകര്‍ വലിയ കള്ളം പൊളിച്ചടക്കിയതിന്റെ വിലയാണ് നല്‍കുന്നതെന്ന് ഫ്രീലാന്‍സ് ജേണലിസ്റ്റ് ധ്രുവ് രാതീ പറഞ്ഞു. യുട്യൂബ് പ്രസംഗങ്ങളിലൂടെ സര്‍ക്കാരിന്റെ പേടിസ്വപ്‌നമായി മാറിയ യുവാവാണ് ധ്രുവ് രാതീ. കള്ളം പറയാനും മോഡിയെ കുറിച്ച് നല്ലത് പറയാനും അവര്‍ കര്‍ഷകരോട് പറഞ്ഞു. ഈ സത്യം തുറന്നു പറയാന്‍ ശ്രമിച്ച ബാജ്‌പൈക്ക് ജോലി പോയി- ധ്രുവ് രാതീ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, മാധ്യമ പ്രവര്‍ത്തകരുടെ രാജിയില്‍ സര്‍ക്കാരിനൊന്നും ചെയ്യാനില്ലെന്നാണ് ഇന്‍ഫര്‍മേഷന്‍ മന്ത്രി രാജ്യവര്‍ധന്‍ റാത്തോറിന്റെ പ്രതികരണം.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം കടുത്ത ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.