ന്യൂദല്‍ഹി- സാഹിത്യകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെയും കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ മുന്‍ പ്രൊഫസര്‍ ഷെയ്ക്ക് ഷൗക്കത്ത് ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ദല്‍ഹി ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ വി. കെ. സക്സേന അനുമതി നല്കി.
പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ന്യൂദല്‍ഹി മെട്രൊപൊളിറ്റന്‍ കോടതി ഉത്തരവ് പ്രകാരം ഇരുവര്‍ക്കുമെതിരേ 2010ല്‍ എഫ്. ഐ. ആര് രജിസ്റ്റര്‍ ചെയ്തത്. രാജ്യദ്രോഹം, സാമുദായിക വൈരം വളര്‍ത്താനുള്ള ശ്രമം, രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരായ പ്രവര്‍ത്തനം തുടങ്ങിയ വകുപ്പുകളാണ് യു. എ. പി. എ പ്രകാരം ചുമത്തിയിട്ടുള്ളത്.
കശ്മീരിനെ ഇന്ത്യയില്‍നിന്നു വിഘടിപ്പിക്കുന്ന വിഷയം ചര്‍ച്ച ചെയ്തെന്നാരോപിച്ച് കശ്മീരില്‍നിന്നുള്ള സുശീല്‍ പണ്ഡിറ്റ് എന്നയാളാണ് ഇതു സംബന്ധിച്ച പരാതി നല്‍കിയത്.
തെഹ്രീക് ഇ ഹുറിയത് ചെയര്‍മാനായിരുന്ന സയീദ് അലി ഷാ ഗീലാനി, ദല്‍ഹി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ സയീദ് അബ്ദുല്‍ റഹ്മാന് ഗീലാനി, മാവോയിസ്റ്റ് അനുകൂലി വരവര റാവു എന്നിവരും ഈ ചര്‍ച്ചയില്‍ പങ്കെടുത്തെന്ന് പരാതിയില്‍ പറയുന്നു.
പരിപാടിയില്‍ പങ്കെടുത്തവരുടെ പ്രസംഗത്തിന്റെ ട്രാന്‍സ്ക്രിപ്റ്റുകളും റെക്കോഡുകളും ഹാജരാക്കിയിട്ടുണ്ട്. ആരോപണവിധേയരില്‍ സയീദ് അലി ഷാ ഗീലാനിയും സയീദ് അബ്ദുല്‍ റഹ്മാന് ഗീലാനിയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.