തിരുവനന്തപുരം-വേഗം മരിച്ച് തനിക്ക് താഴമണ്‍ കുടുംബത്തില്‍ പുനര്‍ജനിക്കണമെന്നാണ് ആഗ്രഹമെന്ന് നടന്‍ സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ പുറത്ത് നിന്ന് തൊഴുകയല്ല, അകത്തു കയറി തഴുകണമെന്നാണ് മോഹമെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ ആഗ്രഹം കണ്ഠര് രാജീവരുമായി പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി. ഇക്കാര്യം പറഞ്ഞതിന്റെ പേരില്‍ 2016 ല്‍ വിവാദത്തില്‍ പെട്ടു. ബ്രാഹ്മണനാകണമെന്ന് ആവശ്യപ്പെട്ടു എന്ന നിലയില്‍ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തു എന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സുരേഷ് ഗോപിയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു. മകള്‍ ഭാഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനാണ് സുരേഷ് ഗോപി കുടുംബസമേതം എത്തിയത്. മോഡിയുമായുള്ള കുടിക്കാഴ്ചയുടെ ഫോട്ടോകള്‍ സുരേഷ് ഗോപി പങ്കുവച്ചിരുന്നു. മോഡി ദ ഫാമിലി മാന്‍ പരിവാരോം കാ നേതാ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് സുരേഷ് ഗോപി കുറിച്ചത്.
ഈ വര്‍ഷം ജൂലൈയില്‍ ആയിരുന്നു ഭാഗ്യയുടെ വിവാഹ നിശ്ചയം. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാഗ്യയുടെ വരന്‍. തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ലളിതമായിട്ട് ആയിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും വിവാഹം ജനുവരിയില്‍ നടക്കും. ഗുരുവായൂരില്‍ വച്ചുള്ള വിവാഹ ചടങ്ങിന് ശേഷം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ജനുവരി 20ന് റിസപ്ഷന്‍ നടക്കുമെന്ന് നേരത്തെ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. പരേതയായ ലക്ഷ്മി, നടന്‍ ഗോകുല്‍, ഭവ്നി, മാധവ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍. ഗോകുലും മാധവും സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കുന്നുണ്ട്.