ലഖനൗ- ഉത്തര്‍പ്രദേശിലെ ബുദൗന്‍ ഗ്രാമാത്തില്‍നിന്ന് പരിക്കേറ്റ ഒരു മൂര്‍ഖന്‍ പാമ്പിനെ ആംബുലന്‍സില്‍ ദല്‍ഹിയിലെത്തിച്ചു. ഹാര്‍ഡ്‌വെയര്‍ കടയില്‍ ഇരുമ്പ് കമ്പി വീണ് പരിക്കേറ്റ പാമ്പിനെയാണ് വിദഗ്ധ ചികിത്സയ്ക്കായി ദല്‍ഹിയിലെത്തിച്ചത്. ബുദൗന്‍ ജില്ലയിലും പരിസര പ്രദേശങ്ങളിലും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് മൂര്‍ഖനെ ദല്‍ഹിയിലെ വൈല്‍ഡ് ലൈഫ് എസ്ഒഎസ് സെന്ററിലേക്ക് മാറ്റിയതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അശോക് കുമാര്‍ പറഞ്ഞു.
പീപ്പിള്‍ ഫോര്‍ ആനിമല്‍സ് (പിഎഫ്എ) സന്നദ്ധപ്രവര്‍ത്തകരാണ് പരിക്കേറ്റ മൂര്‍ഖനെ എസ്ഒഎസ് സെന്ററിലേക്ക് കൊണ്ടുപോയത്. ഹാര്‍ഡ്‌വെയര്‍ കടയിലെ ഒരു തൊഴിലാളി ഇരുമ്പ് ഗര്‍ഡര്‍ എടുക്കാന്‍ വന്നപ്പോള്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ട് ഭയന്ന് കൈയില്‍ നിന്ന് ഗര്‍ഡര്‍ വഴുതി പാമ്പിന് മുകളില്‍ വീഴുകയായിരുന്നുവെന്ന് മൃഗസ്‌നേഹിയും പിഎഫ്എ ജില്ലാ പ്രസിഡന്റുമായ വികേന്ദ്ര ശര്‍മ പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അദ്ദേഹം മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മനേകാ ഗാന്ധിയെ വിവരം അറിയിച്ചു. മൂര്‍ഖനെ ചികിത്സയ്ക്കായി ദല്‍ഹിയിലേക്ക് അയക്കാന്‍ മേനക ഗാന്ധിയാണ് ഉപദേശിച്ചത്.
5000 രൂപ ചെലവഴിച്ചാണ് ദല്‍ഹിയിലേക്ക് സ്വകാര്യ ആംബുലന്‍സ് ഏര്‍പ്പാടാക്കിയത്. രണ്ട് സന്നദ്ധപ്രവര്‍ത്തകരാണ് മൂര്‍ഖനെ ദല്‍ഹിയിലേക്ക് കൊണ്ടുപോയതെന്ന് ശര്‍മ്മ പറഞ്ഞു. മൂര്‍ഖന്‍ സുഖം പ്രാപിച്ചുകഴിഞ്ഞാല്‍ അതിനെ വനത്തില്‍ വിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.