ലോക കോഫി കോൺഫറൻസിന്റെ വിലയിരുത്തലിൽ റോബസ്റ്റ ബ്ലെൻഡുകൾക്ക് രാജ്യാന്തര തലത്തിൽ ഡിമാന്റ് ഉയരുന്നത് കേരളത്തിനും കർണാടകത്തിനും കൃഷിയിൽ പുതിയ സാധ്യതകൾക്ക് അവസരം ഒരുക്കും. വിവിധ പാനീയങ്ങളിൽ കലർത്താൻ കോഫി ബീന് ഡിമാന്റ് ഉയരുന്നത് കണക്കിലെടുത്താൽ കാപ്പക്കൃഷി കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിച്ചാൽ വിജയിപ്പിക്കാനാവും. ആഗോള കാപ്പി കയറ്റുമതി ഒക്ടോബർ ജൂലൈ കാലയളവിൽ 5.7 ശതമാനം ഇടിഞ്ഞ് 103.736 മില്യൺ ചാക്കിൽ ഒതുങ്ങി. കട്ടപ്പനയിൽ റോബസ്റ്റ കാപ്പിക്കുരു 136 രൂപയിലും റോബസ്റ്റ പരിപ്പ് 240 രൂപയിലുമാണ്. വയനാട്ടിൽ ഉണ്ടകാപ്പി 7300 രൂപയിലും പരിപ്പ് ക്വിന്റലിന് 23,800 രൂപയായും വാരാവസാനം ഉയർന്നു.
റബർ മേഖല വിലക്കയറ്റത്തെ ഉറ്റുനോക്കിയെങ്കിലും ടയർ വ്യവസായികൾ ഷീറ്റ് വില ഉയർത്താൻ ഉത്സാഹിച്ചില്ല. അന്താരാഷ്ട്ര റബർ വില താഴ്ന്നതിനാൽ ഇറക്കുമതിക്ക് വ്യവസായികൾ താൽപര്യം കാണിച്ചു. കാലാവസ്ഥ തെളിഞ്ഞതിനാൽ വ്യവസായികൾ റബർ വില ഇടിക്കുമോയെന്ന ആശങ്കയിലാണ് ഉൽപാദകർ. ഇതിനിടയിൽ കർണാടകത്തിൽ നിന്നും വ്യവസായികൾ നാലാം ഗ്രേഡ് 14,400 രൂപക്ക് ശേഖരിച്ചു. നമ്മുടെ വിലയേക്കാൾ ഇരുന്നൂറ് രൂപ താഴ്ത്തി വിപണി പിടിക്കാനുള്ള അവരുടെ ശ്രമങ്ങൾ വരുംമാസങ്ങളിൽ റബറിന് തിരിച്ചടിയാവാം. കാൽ നൂറ്റാണ്ട് മുൻപ് തമിഴ്‌നാട് ഇതേ തന്ത്രം പയറ്റിയാണ് നാളികേരത്തിൽ നമുക്കുണ്ടായ സ്വാധീനം കൈപിടിയിലാക്കിയത്. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ 14,600 രൂപ.
ഉത്തരേന്ത്യക്കാർ കുരുമുളകിനായി രംഗത്ത് എത്തിയത് വില ഉയർത്തി. ടെർമിനൽ മാർക്കറ്റിൽ ലഭ്യത ചുരുങ്ങിയത് നാടൻ മുളകിനുള്ള ക്ഷാമം രൂക്ഷമാക്കി. ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും നിരക്ക് ഉയർത്താൻ വാങ്ങലുകാർ ഉത്സാഹിച്ചതോടെ അൺഗാർബിൾഡ് മുളക് 61,300 രൂപയായി. അടുത്ത സീസണിലെ വിളവ് സംബന്ധിച്ച് വ്യക്തമായ ചിത്രത്തിനായി സ്‌റ്റോക്കിസ്റ്റുകളും കാത്ത് നിൽക്കുന്നു. തുലാവർഷം തിരികളെ ഏത് വിധത്തിൽ സ്വാധീനിക്കുമെന്നതിനെ ആശ്രയിച്ചാവും നവംബറിൽ ഉൽപന്ന വില നീങ്ങുക. അതേ സമയം ഇതിനകം തന്നെ പല ഭാഗങ്ങളിലും മാസാരംഭത്തിലെ മഴയിൽ തിരികൾ അടർന്ന് വീണ വിവരം പുറത്തു വന്നു. മഴക്ക് ശേഷമുള്ള വെയിൽ താങ്ങാനാവാതെ തിരികൾ കരിഞ്ഞ് ഉണങ്ങുന്നതായും ഉൽപാദന മേഖലകളിൽ നിന്നും വിവരമുണ്ട്.
മാസാരംഭമായതിനാൽ നാളികേരോൽപന്ന വില ഉയർന്നു. തമിഴ്‌നാട്ടിലെ വ്യവസായികൾ വില ഉയർത്തി കൊപ്ര ശേഖരിച്ചതിനൊപ്പം സ്‌റ്റോക്കുള്ള എണ്ണ കൂടിയ വിലയ്ക്ക് കേരളത്തിൽ വിറ്റഴിക്കാൻ ഉത്സാഹിച്ചു. കൊച്ചി മൊത്ത വിപണിയിൽ 12,400 ലേക്ക് ചുവടുവെച്ചു. കാങ്കയത്ത് കൊപ്ര വില 7975 രൂപയിലും കൊച്ചിയിൽ 8100 ലുമാണ്. ഭക്ഷ്യയെണ്ണ വിപണിയിലെ സ്ഥിതിഗതികൾ അത്ര ശുഭകരമല്ലെന്ന തിരിച്ചറിവിൽ സ്‌റ്റോക്ക് ബഹുരാഷ്ട്ര കമ്പനികൾ ലിറ്ററിന് 118 രൂപക്ക് വാഗ്ദാനം ചെയ്തു.
ഏലക്ക ലേലത്തിൽ ഒറ്റ ദിവസം ഒരു ലക്ഷം കിലോ ചരക്ക് വരെ ഇറങ്ങി. ഒരു തവണയല്ല, രണ്ട് ദിവസങ്ങളിൽ വരവ് കനത്തത് കണ്ട് വാങ്ങലുകാർ ചുവടുമാറ്റി. ഉത്സവ ആവശ്യങ്ങൾക്ക് ആഭ്യന്തര വ്യാപാരികൾ ചരക്ക് വാങ്ങിയെങ്കിലും ശരാശരി ഇനങ്ങളടെ വില 1668 ലേക്ക് ഇടിച്ചു. അറബ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ലക്ഷ്യമാക്കിയുള്ള സംഭരണം പുരോഗമിക്കുന്നു. പുതുവർഷം മുന്നിൽ കണ്ട് യൂറോപ്പിൽ നിന്നും അന്വേഷണങ്ങളുണ്ട്. ഇതിനിടിയിൽ ദീപാവലി വിജയദശമി വിൽപനക്കായി ഉത്തരേന്ത്യക്കാരും ഏലക്ക വാങ്ങി.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണം പവന് 42,680 രൂപയിൽ നിന്നും 41,920 ലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 42,520 ലാണ്.