ഇത് പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂദല്‍ഹി - അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. രാജസ്ഥാന്‍ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ആണ് വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാല്‍ ഇത് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ നിര്‍ണ്ണായകമാണ്. ഛത്തിസ്ഗഡില്‍ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മിസോറാമിലും ഛത്തിസ്ഗഡിലും നവംബര്‍ ഏഴിന് വോട്ടെടുപ്പ് നടക്കും. ഛത്തിസ്ഗഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നവബംര്‍ 7 നും രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 17 നും നടക്കും. മധ്യപ്രദേശില്‍ നവംബര്‍ 17, രാജസ്ഥാനില്‍ നവംബര്‍ 23, തെലങ്കാനയില്‍ നവംബര്‍ 30 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക. 60.2 ലക്ഷം പുതിയ വോട്ടര്‍മാര്‍ ഇത്തവണയുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലുമായി 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകള്‍ സജീകരിക്കും. ഇതില്‍ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും.

Latest News