ന്യൂദല്‍ഹി - ഒക്ടോബര്‍ 10 ന് മുമ്പായി കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവരെ സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും മാറ്റുന്നതിയി റിപ്പോര്‍ട്ട്. കനേഡിയന്‍ അധികൃതര്‍ ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ ഏജന്‍സികളുടെ പങ്കിനെ കുറിച്ച് സംശയമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ, കാനഡയ്ക്കെതിരെ ശക്തമായ നടപടികളുമായി രംഗത്തെത്തിയിരുന്നത്. ഒക്ടോബര്‍ 10 ന് മുമ്പായി ഇന്ത്യയിലുള്ള 41 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് മാറ്റണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. കനേഡിയന്‍ നയതന്ത്രജ്ഞരില്‍ ചിലര്‍ ദല്‍ഹിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതായാണ് ഇന്ത്യ ആരോപിക്കുന്നത്. ദല്‍ഹിക്ക് പുറത്ത് ഇന്ത്യയില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം കനേഡിയന്‍ നയതന്ത്രജ്ഞരെയും മലേഷ്യയിലേക്കോ സിംഗപ്പൂരിലേക്കോ മാറ്റിപ്പാര്‍പ്പിച്ചു എന്നാണ് വിവരം.