ന്യൂദല്‍ഹി- ബിഹാര്‍ ജാതി സെന്‍സസില്‍ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ നിയന്ത്രിക്കാനാവില്ലെന്ന് സുപ്രിം കോടതി. സര്‍ക്കാര്‍ നയപരമായ തീരുമാനങ്ങളില്‍ ഇടപെടാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നിരീക്ഷണം.
ജാതി സെന്‍സസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി. ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തില്‍ വിശദീകരണം തേടി ബിഹാര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കോടതി നിര്‍ദേശം. കേസ് അടുത്ത ജനുവരിയില്‍ വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തു നടത്തിയ ജാതി സെന്‍സസിന്റെ ഫലം ബിഹാര്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 36 ശതമാനം അതിപിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ളവരാണെന്നും 27.12 ശതമാനം പിന്നാക്ക വിഭാഗത്തില്‍നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതി വിഭാഗത്തില്‍നിന്നുള്ളവരുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.