Sorry, you need to enable JavaScript to visit this website.

ഉമിനീരുപോലും ഇറക്കാന്‍ വയ്യ, സംസാരമില്ല... നടി കനകലതയുടെ ദൈന്യജീവിതം

സിനിമയില്‍ തിളങ്ങിനിന്ന പലരും പില്‍ക്കാലത്ത് വിസ്മൃതിയിലേക്ക് മാറിപ്പോകുന്ന കഥകള്‍ ധാരാളമുണ്ട്. പ്രത്യേകിച്ച് നടിമാര്‍. പലരും അനാഥത്വത്തിന്റെ രുചി അനുഭവിക്കും. ചിലര്‍ മാറാരോഗങ്ങളുടെ പിടിയില്‍പെടും. താരങ്ങളും ആരാധകരുമില്ലാത്ത ഇരുണ്ട ലോകത്തേക്കാണ് പലരുടേയും അവസാന കാലം.
നിരവധി ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് കനകലത. എന്നാലിന്ന് അവര്‍ വലിയ രോഗത്തിന്റെ പിടിയിലാണ്. ഉമിനീര് പോലും ഇറക്കാനാവാതെ വിഷമിക്കുന്നു. അമ്പത്തേഴുകാരി ഇപ്പോള്‍ രണ്ടര വയസ്സുകാരിയെപ്പോലെയെന്ന് സഹോദരി വിജയമ്മ പറയുന്നു.
പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയുമാണ് കനകലതയെ തളര്‍ത്തിയത്. 2021 ഡിസംബര്‍ തൊട്ടാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. സഹോദരി വിജയമ്മയാണ് കനകലതയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. ഈ മാറ്റങ്ങള്‍ കണ്ടപ്പോള്‍ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ അടച്ചുപൂട്ടിയിരുന്നതിന്റെ പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്. വിഷാദരോഗമാവാമെന്ന് വിചാരിച്ചു. ഉറക്കം കുറവായിരുന്നു. നമുക്ക് സൈക്ക്യാട്രിസ്റ്റിനെ കാണാമെന്ന് എപ്പോഴും പറയുമായിരുന്നുവെന്ന് വിജയമ്മ പറഞ്ഞു.

'ഉറക്കം കുറഞ്ഞതുകൊണ്ടുള്ള അസ്വസ്ഥത കൂടി വന്നു. സ്ഥിരമായി യോഗ ചെയ്യുന്നവള്‍ അത് നിര്‍ത്തി. അപ്പോഴും ഡോക്ടറെ കാണാമെന്ന് പറഞ്ഞ് ഞാനവളെ നിര്‍ബന്ധിച്ചു. അങ്ങനെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഞങ്ങള്‍ സൈക്ക്യാട്രിസ്റ്റിനെ കണ്ടു. ഇത് ഡിമെന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടയില്‍ കായംകുളത്തുള്ള ഞങ്ങളുടെ ചേച്ചി മരണപ്പെട്ടു. മരണാനന്തര ചടങ്ങുകള്‍ക്കായി പോയപ്പോള്‍ പരുമല ഹോസ്പിറ്റലില്‍ കാണിച്ച് എം.ആര്‍.ഐ സ്‌കാനിങ് നടത്തി. തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി.'

'ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുവന്നശേഷം കിംസ് ഹോസ്പിറ്റലിലെ ഡോക്ടറെ കാണിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ അവള്‍ അവിടെ ഐസിയുവിലായിരുന്നു. അപ്പോഴേ ഡോക്ടര്‍ പറഞ്ഞു, കാലക്രമേണ ഭക്ഷണമൊന്നും കഴിക്കാതെ വരും. അതുകൊണ്ട് ട്യൂബ് ഇടുന്നതാണ് നല്ലതെന്ന്. തീര്‍ത്തും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. ഉമിനീരുപോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയി. വീണ്ടും ഐസിയുവിലാക്കി. പിന്നീട് ട്യൂബ് ഇട്ടു. ഇപ്പോള്‍ ലിക്വിഡ് ഫുഡാണ് കൊടുക്കുന്നത്. വിശക്കുന്നെന്നോ ഭക്ഷണം വേണമെന്നോ ഒന്നും അവള്‍ പറയില്ല. ഭക്ഷണം വേണോ എന്ന് ഞങ്ങളങ്ങോട്ട് ചോദിക്കും. നിര്‍ബന്ധിച്ച് കഴിപ്പിക്കും. ചിലപ്പോള്‍ കഴിക്കും. ഇല്ലെങ്കില്‍ തുപ്പിക്കളയും. അതുമല്ലെങ്കില്‍ വാ പൊത്തി ഇരിക്കും. സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ല- വിജയമ്മ പറയുന്നു.

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ 2... തുടങ്ങി മലയാളത്തിലും തമിഴിലുമായി 350 ലധികം ചിത്രങ്ങളില്‍ അവര്‍ തന്റെ വേഷങ്ങള്‍ മികച്ചതാക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

 

Latest News