- കമ്പ്യൂട്ടറുകൾ പ്രവർത്തനരഹിതമാക്കി വിലപേശുന്നത് ഒരേയൊരു ഹാക്കർ
ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് പേടിസ്വപ്നമായി മാറിയിരിക്കുന്ന പുതിയ റാൻസംവെയർ അതിവേഗം വ്യാപിക്കുകയാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കമ്പ്യൂട്ടറുകൾ നിശ്ചലമാക്കിയശേഷം ഫയലുകൾ തിരികെ നൽകാൻ സാംസം റാൻസംവെയറിനു പിന്നിലെ ഹാക്കർ ഇതിനകം 59 ലക്ഷം ഡോളർ ഈടാക്കി. ബ്രിട്ടീഷ് സൈബർ സെക്യൂരിറ്റി സ്ഥാപനമായ സോഫോസ് ക്രിപ്‌റ്റോ കറൻസി സ്ഥാപനമായ ന്യൂട്രിനോയുമായി ചേർന്ന് നടത്തിയ സർവേയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സാംസം റാൻസംവെയറിനു പിന്നിൽ അതിവിദഗ്ധനായ ഒരു ഹാക്കർ മാത്രമാണുള്ളതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സാംസം റാൻസംവെയർ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റാൻസംവെയർ ആക്രമണത്തിനിരയാവരിൽ ഭൂരിഭാഗവും (74%) അമേരിക്കയിൽനിന്നുള്ളവരാണ്.
ബ്രിട്ടൻ, ബെൽജിയം, കാനഡ, ഓസ്‌ട്രേലിയ, ഡെൻമാർക്ക്, നെതർലാൻഡ്‌സ്, എസ്‌തോണിയ, മധ്യപൂർവേഷ്യ, ഇന്ത്യ എന്നിവയാണ് റാൻസംവെയർ ആക്രമണബാധിതമായ മറ്റ് പ്രദേശങ്ങൾ. ആക്രമണത്തിന്റെ ആഘാതം കുറവുള്ളത് ഇന്ത്യയിൽ മാത്രമാണ്.
ഇന്ത്യയിൽ ഇത്തരം ആക്രമണങ്ങൾ വർധിച്ചുവരുന്നുണ്ടെന്നും ഇന്ത്യയിലെ വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ സൈബർസുരക്ഷയിൽ ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചുവെന്നും സോഫോസ് പറയുന്നു.
സാംസം ആക്രമണം പൂർണമായും മനുഷ്യ നിയന്ത്രിതമാണ്. അതുകൊണ്ടുതന്നെ സുരക്ഷാ സംവിധാനങ്ങളെ സമയാ സമയം മറികടക്കാനുള്ള നീക്കങ്ങൾ നടത്താൻ സൈബർ കുറ്റവാളിക്ക് സാധിക്കും.
മറ്റ് റാൻസംവെയറുകളിൽ നിന്ന് വ്യത്യസ്തമായി തികഞ്ഞൊരു എൻക്രിപ്ഷൻ ടൂൾ ആണ് സാംസം. വർക്ക് ഡാറ്റാ ഫയലുകൾക്ക് പുറമെ വിൻഡോസ് കംപ്യൂട്ടറിന്റെ പ്രവർത്തനത്തിന് അനിവാര്യമല്ലാത്ത പ്രോഗ്രാമുകളെയും വരുതിയിലാക്കാൻ ഈ റാൻസം വെയറിന് സാധിക്കും.
ഏതെങ്കിലും വിധത്തിൽ എൻക്രിപ്ഷൻ പ്രക്രിയ പരാജയപ്പെട്ടാൽ ഒരു കടന്നുകയറ്റത്തിന് ശ്രമിച്ചതിന്റെ യാതൊരു തെളിവും ബാക്കിവെക്കാതെ കംപ്യൂട്ടറുകളിൽനിന്ന് തിരിച്ചുപോകാനും സാംസം റാൻസംവെയറിന് സാധിക്കും.
ഈ ആക്രമണത്തിൽനിന്ന് രക്ഷപ്പെടണമെങ്കിൽ സോഫ്റ്റ് വെയർ റീ ഇൻസ്റ്റാൾ ചെയ്യുകയോ ബാക്ക് അപ്പ് റിസ്‌റ്റോർ ചെയ്യുകയോ വേണ്ടിവരും.
അതുകൊണ്ടുതന്നെ റാൻസംവെയർ ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും തങ്ങളുടെ ഫയലുകൾ തിരിച്ചെടുക്കാൻ സാധിച്ചിട്ടില്ല. ഇതുകൊണ്ടാണ് നിരവധി പേർ പണം നൽകാൻ തയാറായത്. ക്രിപ്‌റ്റോകറൻസിയായാണ് ഹാക്കർ പ്രതിഫലത്തുക ആവശ്യപ്പെടുന്നത്.