സോഷ്യല്‍ മീഡിയ സേവനമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) വെബ്‌സൈറ്റ് ലിങ്കുകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ മാറ്റം. ഇത് പോസ്റ്റുകള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ദൃശ്യമാക്കുമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു.
പുതിയ മാറ്റം അനുസരിച്ച് ഒരു വാര്‍ത്താ വെബ്‌സൈറ്റില്‍ നിന്നുള്ള വാര്‍ത്തകള്‍ എക്‌സില്‍ പങ്കുവെക്കുമ്പോള്‍ ആ വാര്‍ത്തയുടെ തലക്കെട്ട് ട്വിറ്റര്‍ പ്രദര്‍ശിപ്പിക്കില്ല. മറിച്ച് ഒരു ചിത്രം മാത്രമേ കാണുകയുള്ളൂ. ട്വിറ്ററില്‍ ഒരു ചിത്രം പങ്കുവെക്കുമ്പോള്‍ എങ്ങനെയാണോ പോസ്റ്റ് ദൃശ്യമാവുക അതുപോലെ ആയിരിക്കും ഇത്. പങ്കുവെക്കുന്ന ആ ഉള്ളടക്കത്തില്‍ നിന്നുള്ള ഒരു ചിത്രമായിരിക്കും ട്വിറ്റര്‍ പോസ്റ്റില്‍ കാണുക. ഉപഭോക്താവ് പങ്കുവെക്കുന്ന കുറിപ്പായിരിക്കും പോസ്റ്റിന്റെ കാപ്ഷനായി കാണുക. ഒപ്പം ചിത്രത്തിന് ഇടത് ഭാഗത്ത് താഴെയായി ആ വെബ്‌സൈറ്റിന്റെ ഡൊമൈനും പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും. വായനക്കാരന്‍ ഈ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ ആ വാര്‍ത്ത വായിക്കാനാകും. പുതിയ മാറ്റം വാര്‍ത്തകളെ സാധാരണ ഫോട്ടോ പോസ്റ്റുകളില്‍നിന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസമുണ്ടാക്കുന്നതാണ്.
ബുധനാഴ്ച മുതലാണ് ഈ മാറ്റം അവതരിപ്പിച്ചത്. ഐഒഎസ് ആപ്പിലും വെബ്‌സൈറ്റിലും ഈ മാറ്റം നിലവില്‍ വന്നിട്ടുണ്ട്. ഡിസൈന്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്. പരസ്യങ്ങളുടെ ലിങ്കുകള്‍ക്ക് ഈ മാറ്റം ബാധകമാകില്ല.