Sorry, you need to enable JavaScript to visit this website.

ബാലഭാസ്‌കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി-വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്നാണ് നേരത്തേ അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ചും സിബിഐയും കണ്ടെത്തിയത്. അവര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങിയ ഘട്ടത്തിലാണ് ബാലഭാസ്‌കറിന്റെ പിതാവ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ കാര്യവും സിബിഐ വ്യക്തമായി അന്വേഷിച്ചിട്ടില്ല. ചില നിഗമനങ്ങളിലൂടെയാണ് അന്വേഷണം നടത്തിയിരുന്നത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ദൃക്‌സാക്ഷികള്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.
എന്നാല്‍, ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന വാദം സിബിഐ നേരത്തേ തള്ളിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ സിബിഐ സംഘം ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചിരുന്നു. വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണ് അപകടത്തിന് കാരണമെന്ന നിഗമനത്തിലാണ് സിബിഐ എത്തിച്ചേര്‍ന്നത്. ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായ സമയത്ത് വാഹനം ഓടിച്ചിരുന്ന അര്‍ജുന്‍ നാരായണന്‍ അമിത വേഗതയിലായിരുന്നുവെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ 2019 സെപ്തംബര്‍ 25ന് തിരുവനന്തപുരത്തിന് സമീപം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറും മകളും മരിക്കുന്നത്. എന്നാല്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും സ്വര്‍ണ കടത്ത് കേസില്‍ പ്രതികളുമായ പ്രകാശ് തമ്പിയും, വിഷ്ണു സോമസുന്ദരവും ഉള്‍പ്പെട്ട സംഘം നടത്തിയ ആസൂത്രിത കൊലപതാകമെന്നായിരുന്നു ബാലഭാസ്‌കറിന്റെ രക്ഷിതാക്കളുടെ വാദം. അപകട സമയത്ത് വാഹനമോടിച്ച് ആരാണെന്ന് പോലും തര്‍ക്കമുണ്ടായിരുന്നു.ബാലാഭാസ്‌കറിന്റേത് അപകടമരണമെന്നായിരുന്നു ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഈ റിപ്പോര്‍ട്ട് തള്ളി സിബിഐ അന്വേഷണം വേണമെന്ന പിതാവിന്റെ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിവയ്ക്കുന്നതായിരുന്നു സിബിഐയുടേയും അന്തിമ റിപ്പോര്‍ട്ട്.

Latest News