മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളില്‍ വലിയ പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഗംഭീര ദൃശ്യാനുഭവം നല്‍കുന്ന പോലീസ് സ്‌റ്റോറിയിലെ ചെറിയ കഥാപാത്രങ്ങള്‍പോലും ചര്‍ച്ച ചെയ്യപ്പെടുന്നു. കേരളത്തില്‍നിന്ന് യു.പിയിലേക്കും നേപ്പാള്‍ അതിര്‍ത്തിയിലെ വനാന്തരങ്ങളിലേക്കും നീങ്ങുന്ന കഥയാണിത്.
ചിത്രത്തില്‍ ഒരു ഉത്തര്‍പ്രദേശ് ഗ്രാമത്തില്‍ നടക്കുന്ന ദീര്‍ഘനേരം നീളുന്ന സംഘട്ടനരംഗം പ്രേക്ഷകര്‍ ശ്വാസമടക്കിയാണ് കാണുന്നത്. പോലീസിന് നേരെ പാഞ്ഞടുക്കുന്ന ഗ്രാമവാസികള്‍ക്കിടയില്‍ മമ്മൂട്ടിയുടെ നേരെ ആയുധവുമായി ചാടി വീഴുന്ന യു.പിക്കാരി എല്ലാവരേയും ഞെട്ടിച്ചു. യു.പിക്കാരിയല്ല, തൃശൂര്‍ക്കാരിയാണ് ഈ നടി. ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962 എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ കാതറിന്‍ മരിയ.
ഓഡിഷനിലൂടെയാണ് മരിയ കണ്ണൂര്‍ സ്‌ക്വാഡിലെത്തിയത്. മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് അറിയാവുന്ന കുട്ടികളെ അന്വേഷിച്ച് കൊണ്ടുള്ള ഒരു കാസ്റ്റിങ് കോള്‍ കണ്ടപ്പോള്‍ പ്രൊഫൈല്‍ അയക്കുകയായിരുന്നു. മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് വര്‍ഷങ്ങളായി പഠിക്കുന്നു. ജൂഡോ സ്‌റ്റേറ്റ് സില്‍വര്‍ മെഡലിസ്റ്റാണ്. കബഡി കേരള ടീം അംഗവുമായിരുന്നു. കണ്ണൂര്‍ സ്‌ക്വാഡിലേക്കുവേണ്ടി കൊച്ചിക്ക് വരാമോ എന്ന് ചോദിച്ച് വിളിക്കുന്ന സമയത്ത് ഞാന്‍ ബാംഗ്ലൂരിലായിരുന്നു. വൈകാതെ കൊച്ചിയിലെത്തി.
മേക്കോവര്‍ ഒക്കെ ചെയ്ത് എത്തുന്ന വേഷമാണ്, ഓകെയാണോ എന്ന് അവര്‍ ചോദിച്ചിരുന്നു. ഇത്രയും വലിയൊരു അവസരം ലഭിച്ചതില്‍ ഞാന്‍ വളരെയധികം സന്തുഷ്ടയായിരുന്നു, അതൊരു ഭാഗ്യം കൂടിയല്ലേ. അതുകൊണ്ട് മറ്റൊന്നും ചിന്തിക്കാതെ ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. മേക്കപ്പ് ചെയ്ത് ലെന്‍സ് ഒക്കെ വെച്ച് ട്രയല്‍ നോക്കിയപ്പോള്‍ സംവിധായകനും ഓക്കെയായിരുന്നു.
വില്ലേജിലെ ഫൈറ്റിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ ഞാനും ഉണ്ടായിരിക്കുമെന്നാണ് ആദ്യം കരുതിയത്. അസീസിക്കയോട് ഞാന്‍ ഫൈറ്റ് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ആളുകള്‍ സംസാരിക്കുന്ന ആ സീന്‍ ചെയ്യേണ്ടി വരുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ആ സമയത്താണ് ചെന്നൈയില്‍നിന്ന് ഫൈറ്റ് മാസ്റ്ററിനൊപ്പം രണ്ട് ലേഡി ഫൈറ്റേഴ്‌സ് വന്നത്. അവരെയൊക്കെ വെച്ച് ഒരു സ്‌പോട്ട് ഓഡിഷന്‍ ചെയ്തു. മമ്മൂക്കയുടെ നേര്‍ക്ക് ചാടിവരുന്ന ഒരാളെ വേണമായിരുന്നു. റോപ്പില്ലാതെ ചാടാമോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ ചെയ്യാമെന്ന് ഏറ്റു. ആ രംഗം ചെയ്ത് കഴിഞ്ഞപ്പോള്‍ മമ്മൂക്ക ഉള്‍പ്പടെ എല്ലാവരും അഭിനന്ദിച്ചു- മരിയ പറഞ്ഞു.