ജിദ്ദ- സൗദി അറേബ്യയില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ പുതിയ തന്ത്രങ്ങളുമായി വീണ്ടും. സെന്‍സസ് വിവരങ്ങള്‍ പൂര്‍ത്തീകരിക്കാനെന്ന പേരില്‍ വിളിച്ചാണ് വിദേശികളുടെ സ്വകാര്യ വിവരങ്ങള്‍ കരസ്ഥമാക്കാന്‍ ശ്രമിക്കുന്നത്. സെന്‍സസ് നടത്തിയെങ്കിലും വാതിലില്‍ പുതിയ സ്റ്റിക്കര്‍ പതിക്കാനുണ്ടെന്നും അതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റാഫ് വരുമെന്നും പറഞ്ഞാണ് വിളിക്കുക.
തുടര്‍ന്ന് താമസക്കാര്‍ക്ക് സൗകര്യപ്രദമായ സമയം അന്വേഷിക്കുകുയും ആ സമയത്ത് ബുക്ക് ചെയ്യാനെന്ന പേരില്‍ ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് മൊബൈല്‍ ഫോണില്‍ അയക്കുന്ന ഒ.ടി.പി ആവശ്യപ്പെടുകയും ചെയ്യും. യഥാര്‍ഥത്തില്‍ അബ്ശിര്‍ അക്കൗണ്ടിന്റെ പാസ്‌വേഡ് മാറ്റി ലോഗിന്‍ ചെയ്യുന്നതിനാണ് ഇങ്ങനെ ഒ.ടി.പി ആവശ്യപ്പെടുന്നത്. അബ്ശിര്‍ അക്കൗണ്ടില്‍ ഫോര്‍ഗറ്റ് പാസ്‌വേഡ് കൊടുത്താല്‍ മൊബൈലിലേക്ക് ലഭിക്കുന്ന ഒ.ടി.പി നല്‍കി പുതിയ പാസ്‌വേഡ് ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും.
ഇങ്ങനെ ലോഗിന്‍ ചെയ്ത് അബ്ശിര്‍ അക്കൗണ്ടില്‍ കയറുന്ന തട്ടിപ്പുകാര്‍ മറ്റുവിവരങ്ങള്‍ കൂടി പറഞ്ഞ് ഉപയോക്താവിന്റെ വിശ്വാസ്യത നേടും. തുടര്‍ന്ന് സെന്‍സസുമായി ബന്ധപ്പെട്ട കുറേ കൂടി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനെന്ന പേരില്‍ മുതിര്‍ന്ന ഓഫീസര്‍ക്ക് കൈമാറുകയാണെന്ന് പറയും.
അബ്ശിറില്‍ ലഭ്യമായ സ്വകാര്യ വിവരങ്ങളൊക്കെ ആവര്‍ത്തിക്കുന്നയാളാണ് തട്ടിപ്പിന്റെ യഥാര്‍ഥ ലക്ഷ്യത്തിലേക്ക് കടക്കുക. സൗദി അറേബ്യയില്‍ രണ്ടില്‍ കൂടുതല്‍ അക്കൗണ്ടുള്ളവര്‍ നാട്ടിലേക്ക് പണമയക്കുമ്പോള്‍ 15 ശതമാനം ടാക്‌സ് ഈടാക്കുമെന്ന വിവരമാണ് ആദ്യം നല്‍കുക. തുടര്‍ന്ന് എത്ര അക്കൗണ്ടുകളുണ്ടെന്നും ഏതൊക്കെ ബാങ്കിലാണെന്നും വെരിഫൈ ചെയ്യണമെന്നും പറയും. ഇതിനുശേഷമാണ് ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ പിന്നീട് മൊബൈലിലേക്ക് വരുന്ന ഒ.ടി.പിയും കരസ്ഥമാക്കി പണം ട്രാന്‍സ്ഫര്‍ ചെയ്യുക. വഴങ്ങാത്തവരെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളില്‍ സമ്മാനത്തിനും മറ്റും അര്‍ഹനായിരിക്കുന്നുവെന്നും നിങ്ങള്‍ക്ക് ലഭിച്ച ഒ.ടി.പിയും മറ്റു വിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പുകള്‍ ആദ്യകാലത്ത് അരങ്ങേറിയിരുന്നത്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് ആളുകള്‍ ബോധവാന്മാരായതോടെയാണ് പുത്തന്‍ അടവുകള്‍ പയറ്റുന്നത്. ബാങ്ക് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്ന പാകിസ്ഥാനി സംഘങ്ങള്‍ പല തവണ സൗദിയില്‍ പിടിയിലായിട്ടുണ്ട്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും പത്തും ഇരുപതും പേരടങ്ങുന്ന തട്ടിപ്പ് സംഘം പിടിയിലാകാറുണ്ട്.
ബില്‍ കുടിശ്ശികയുണ്ടെന്നും വൈദ്യുതി കണക് ഷന്‍ വിഛേദിക്കുമെന്ന് ആവശ്യപ്പെട്ടും തട്ടിപ്പുകാര്‍ വിളിക്കാറുണ്ട്.
അജ്ഞാതര്‍ക്ക് ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ കൈമാറാതിരിക്കുകയാണ് തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാനുള്ള ഏകമാര്‍ഗം. ബാങ്ക് കാര്‍ഡിന്റെ വിശദാംശങ്ങള്‍, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ ഒരിക്കലും ഫോണ്‍ വഴി കൈമാറരുത്. ഇത്തരം വിവരങ്ങള്‍ ഫോണ്‍ വഴി ആവശ്യപ്പെടില്ലെന്ന് സൗദിയിലെ ബാങ്കുകളും കേന്ദ്ര ബാങ്കായ സാമയും ആവര്‍ത്തിച്ചു വ്യക്തമാക്കാറുണ്ട്.
വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോണ്‍കാളുകളെയും മെസേജുകളെയും കുറിച്ച് ജാഗ്രത തുടരണം. വിവരങ്ങള്‍ പങ്കുവെച്ചുകഴിഞ്ഞാല്‍ അക്കൗണ്ടില്‍നിന്ന് പണം തട്ടുന്ന രീതിയാണ് വ്യാപകമായി നടക്കുന്നത്. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനും തട്ടിപ്പ് സംഘം ഇത്തരം രീതി ഉപയോഗിക്കുന്നുണ്ട്.
സാങ്കേതികവിദ്യയിലെ സാധാരണക്കാരുടെ അജ്ഞത മുതലെടുത്താണ് തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനം. ധാരാളം പേരെ വിളിച്ചാല്‍ കുറച്ചുപേരെങ്കിലും കെണിയില്‍ വീഴുമെന്ന് ഉറപ്പുള്ളതിനാലാണ് എല്ലാ വിധ സജ്ജീകരണങ്ങളോടെയും തട്ടിപ്പുകര്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ ഭാഷകള്‍ സംസാരിക്കുന്ന പത്തും ഇരുപതും പേര്‍ സംഘത്തിലുണ്ടാകും.
ഫേസ് ബുക്ക് അക്കൗണ്ട് വ്യാജമായി നിര്‍മിച്ച് അയാളുടെ അടുത്ത സുഹൃത്തുക്കളില്‍നിന്നും പണം തട്ടിയെടുക്കുന്ന രീതിയും ഇപ്പോള്‍ വ്യാപകമാണ്.