ദോഹ- ഖത്തര്‍ നിയമപ്രകാരം കോടതി കുറ്റക്കാരനാണെന്നു വിധിച്ച താന്‍ ഏതു നിമിഷവും തുറുങ്കിലടക്കപ്പെടാമെന്ന കുറിപ്പുമായി ദോഹ പ്രവാസി ഇഖ്ബാല്‍ ചേറ്റുവ. സാമൂഹിക പ്രവര്‍ത്തന രംഗത്തും സോഷ്യല്‍ മീഡിയയിലും സജീവമായ ഇദ്ദേഹം കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയില്ല. ഇതിനു പിന്നാലെ കെ.എം.സി.സി പ്രവര്‍ത്തകനായ ഇഖ്ബാല്‍ ചേറ്റുവയെ രക്ഷിക്കാന്‍ കൂട്ടായ ശ്രമം ആവശ്യമാണെന്ന പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.
ഇഖ്ബാല്‍ ചേറ്റുവയുടെ കുറിപ്പ് വായിക്കാം
എന്റെ പേര് പോലും മറന്നു ഉമ്മ...
മക്കള്‍ എന്ന് വരും
ഉമ്മയുടെ കണ്ണടയും മുമ്പ് നീ നാട്ടില്‍ വരോ ?
ഉത്തരം കൊടുക്കാന്‍ കഴിയാത്ത
ഇത്തരം ചോദ്യങ്ങള്‍ കേട്ടു കേട്ടു
മനം മടുത്ത കാരണം
ഉമ്മാക്ക് ഫോണ്‍ ചെയ്യുന്നത് ഞാന്‍
കുറച്ചു കുറച്ചു വരികയായിരുന്നു
എങ്കിലും ഭാര്യയും മക്കളും
എപ്പോഴും വിളിക്കുന്നുണ്ട്
ഉമ്മാടെ സുഖവിവരങ്ങള്‍ അറിയാറുമുണ്ട്
ഇന്ന് സ്വല്‍പ്പം മുമ്പ് അവര്‍ വിളിച്ചപ്പോള്‍
ഉമ്മ എന്റെ ഭാര്യയോട് ചോദിക്കയാണ്
എന്റെ മോന്റെ പേരെന്താണ് ?
12 വര്‍ഷത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം
അവര്‍ക്ക് ലഭിച്ച എന്റെ
പേര് പോലും എന്റെ ഉമ്മാക്ക് ഓര്‍ത്തെടുക്കാന്‍
കഴിയാതെ വന്നിരിക്കുന്നു.
വളരേ സങ്കടത്തോടെ ഭാര്യ എന്റെ
കൈയ്യില്‍ ഫോണ്‍ കൊണ്ടു തന്നു
പേര് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും
എന്റെ ശബ്ദം കേട്ടപ്പോള്‍ എന്നെ മനസ്സിലായി.
പിന്നെ അവിടുന്ന് വരുന്നതെല്ലാം
സ്ഥിരം ചോദ്യങ്ങള്‍ തന്നെയായിരുന്നു.
ഏകദേശം 93 ... 94, വയസ്സ് പ്രായ ഒരു
ഉമ്മയുടെ, സ്വന്തം മകനെ കാണാനുള്ള
മനസ്സിന്റെ ആഗ്രഹങ്ങള്‍, കാത്തിരിപ്പുകള്‍
ഞങ്ങളുടെ പടി കയറി വരുന്ന ഓരോ വണ്ടികളിലും
ഞങ്ങള്‍ ഉണ്ടാവുമോ എന്ന പ്രതീക്ഷകള്‍ .......
നേരില്‍ കാണാന്‍ കഴിയില്ല എന്ന പ്രതീക്ഷ
നഷ്ടപ്പെട്ടത് കൊണ്ടാകാം ഉമ്മയുടെ
ഇന്നത്തെ സംസാരങ്ങള്‍ക്ക് മാറ്റം വന്നിരിക്കുന്നു
സങ്കടങ്ങള്‍ കൂടിയിരിക്കുന്നു
ഉമ്മാനെ പടിഞ്ഞാര്‍ക്ക് ( ഞങ്ങളുടെ പള്ളി ഖബര്‍സ്ഥാര്‍ ഞങ്ങളുടെ വീടിന്റെ പടിഞ്ഞാറെ ഭാഗത്താണ് ) എടുക്കുന്ന സമയത്തെങ്കിലും നീ ഉണ്ടാവുമോ എന്ന്
ഒരു മകന് കേള്‍ക്കാന്‍ കഴിയുന്നതിനപ്പുറമാണ്
ഇത്തരം ചോദ്യങ്ങള്‍,
ഉമ്മാക്ക് കൊടുക്കാന്‍ കൃത്യമായ ഉത്തരവും എന്റെ കൈയ്യില്‍ ഇല്ലാത്തത് കൊണ്ട്
സാധിപ്പിച്ചു കൊടുക്കാന്‍ കഴിയാത്ത
കാര്യങ്ങള്‍ക്ക് വെറുതെ ഇന്‍ശാ അല്ലാഹ്
പറയാന്‍ പടിച്ചിട്ടില്ലാത്തത് കൊണ്ടും
നീറുന്ന മനസ്സോടെ ഞാന്‍ ഫോണ്‍ ഭാര്യയുടെ
കൈയ്യില്‍ കൊടുത്തു .....
പ്രിയപ്പെട്ട ഉമ്മ മാപ്പ് ....
ഉമ്മാടെ മകന് ഇനി ഉമ്മയേയോ
ഞാന്‍ ഏറ്റവും കൂടുതല്‍
സ്‌നേഹിക്കുന്ന നമ്മുടെ
നാടോ ഇനി കാണാന്‍ കഴിയില്ല.
എന്നെ ക്രിമിനല്‍ കേസ്സുകളില്‍ പ്പെടുത്തി
അവര്‍ തന്നെ പറഞ്ഞ കണക്ക്
പ്രകാരം മില്യണ്‍ കണക്കിന് റിയാല്‍ വാങ്ങി തിന്നവര്‍ ഇന്ന് ഇവിടെ വലിയ വലിയ ഉയരങ്ങളിലാണ്
ദേശീയ ... സംസ്ഥാന, നേതാവാണ്
അയാളെ താങ്ങി നിറുത്തുന്നവരും
വലിയവരാണ്,
നിങ്ങള്‍ ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും തെറ്റല്ലേ
എന്ന് ചോദിക്കാന്‍ ധൈര്യമുള്ളവര്‍
പോലും ഇവിടെ കുറവാണ് ഉമ്മ
ചിരിച്ചു കാട്ടാന്‍ നിരവധി പേര്‍ ഇവിയുണ്ട്
അവരോടൊന്നും പൊരുതി നില്‍ക്കാന്‍
എനിക്ക് ഇനി കഴിയില്ല.
ഇവിടുത്തെ നിയമ പ്രകാരം കോടതി
തെറ്റുകാരനാണെന്ന് നിയമ പ്രകാരം വിധിച്ച
ഞാന്‍ ഏത് നിമിഷവും തടവറക്കുള്ളില്‍
അടക്കപ്പെടാം ....
പ്രിയപ്പെട്ട ഉമ്മ പൊറുക്കുക
എനിക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുക
ഞാനും നിങ്ങള്‍ക്കായ്പ്രാര്‍ത്ഥിക്കാം