ലഖ്നൗ - ട്രെയിനിനുള്ളിൽ പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായി യാത്രക്കാർ. ഉടനെ വനം വകുപ്പിനെ വിവരമറിയിച്ച് ട്രെയിൻ നിർത്തിയിട്ട് പാമ്പ് പിടുത്തക്കാരും മറ്റും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
ഉത്തർപ്രദേശിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട മഗാധ് എക്സ്പ്രസിന്റെ എ.സി കോച്ചിലാണ് സംഭവം. ഇറ്റാവ റെയിൽവേ സ്റ്റേഷനിൽ വച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ കോച്ചിന്റെ മുക്കുംമൂലയും അരിച്ചു പെറുക്കിയെങ്കിലും ഫലമുണ്ടായില്ല. പാമ്പിനെ കണ്ടതായി യാത്രക്കാർ തറപ്പിച്ചു പറഞ്ഞതോടെ പ്രസ്തുത എ.സി കോച്ച് വേർപ്പെടുത്തി ട്രെയിൻ യാത്ര തുടരുകയായിരുന്നു.