അമ്പത്തിനാലാം വയസില്‍ അകാല വിയോഗം എത്തുമ്പോള്‍ നടി ശ്രീദേവി പ്രശസ്തിയുടെ ഉത്തുംഗതയിലായിരുന്നു. 2018 ജനുവരി 24നാണ് ആരാധകരെ ദുഖത്തിലാഴ്ത്തിയ ആ വാര്‍ത്ത ലോകം കേട്ടത്. ശ്രീദേവിയുടെ മരണത്തിന് പിന്നാലെ നേരിടേണ്ടി വന്ന സാഹചര്യങ്ങളെ കുറിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം തുറന്നു പറയുകയാണ് ഭര്‍ത്താവ് ബോണി കപൂര്‍.
ശ്രീദേവിയുടേത് കേവലമൊരു സ്വാഭാവിക മരണമായിരുന്നില്ലന്നും അതൊരു അപകട മരണമായിരുന്നു എന്നുമാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബോണി കപൂര്‍ പറയുന്നത്.
ശ്രീദേവി ഇടക്കിടെ പട്ടിണി കിടക്കുമായിരുന്നു. നല്ല ഭംഗിയോടെ എല്ലായ്‌പ്പോഴും കാണപ്പെടാന്‍ ശ്രീദേവി ആഗ്രഹിച്ചു. അതുകൊണ്ട് തന്നെ സ്‌ക്രീനില്‍ വരുമ്പോള്‍ നന്നായിരുന്നു. എന്നെ വിവാഹം ചെയ്ത സമയത്ത് ശ്രീദേവിക്ക് പലപ്പോഴും ബോധക്ഷയം ഉണ്ടായിട്ടുണ്ട്. ബി.പി കുറയുന്നതിന്റെ പ്രശ്‌നമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്, ബോണി കപൂര്‍ പറയുന്നു. ശ്രീദേവിയുടേത് സ്വാഭാവിക മരണമായിരുന്നില്ല. അപകടമരണമായിരുന്നു. അതിനെക്കുറിച്ച് സംസാരിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. കാരണം ചോദ്യം ചെയ്യലിന്റെ സമയം 48 മണിക്കൂറോളം ഞാന്‍ ഇതിനെ കുറിച്ച് തന്നെയാണ് സംസാരിച്ചിരുന്നത്. ഇന്ത്യന്‍ മാധ്യമങ്ങളില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞു. എന്നാല്‍ ശ്രീദേവിയുടെ മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് അവര്‍ കണ്ടെത്തി. നുണ പരിശോധന ഉള്‍പ്പെടെ പല ടെസ്റ്റുകളിലൂടെ ഞാന്‍ കടന്നുപോയി. എന്നാല്‍ അപകട മരണമാണ് എന്ന ഫലമാണ് എല്ലാ ടെസ്റ്റുകളില്‍ നിന്നും വന്നതെന്നും ബോണി കപൂര്‍ സൂചിപ്പിച്ചു.