Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട്ടില്‍നിന്നുള്ള ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ക്ക് ആദരം, 25 ലക്ഷം വീതം നല്‍കുമെന്ന് സ്റ്റാലിന്‍

ചെന്നൈ-  തമിഴ്‌നാട്ടില്‍നിന്നുള്ള ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ക്ക് 25 ലക്ഷം രൂപ വീതം കാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് തമിഴ്‌നാട്. സംസ്ഥാനത്തിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണു ശാസ്ത്രജ്ഞര്‍ക്ക് അവാര്‍ഡ് നല്‍കുന്നതെന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ. ശിവന്‍ ഉള്‍പ്പെടെ 9 പേര്‍ക്കാണു സമ്മാനം പ്രഖ്യാപിച്ചത്. ചന്ദ്രയാന്‍ (1, 2) പ്രോജക്ട് ഡയറക്ടര്‍ മയില്‍സ്വാമി അണ്ണാദുരൈ, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടര്‍ വി.നാരായണന്‍, സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ എ. രാജരാജന്‍, ചന്ദ്രയാന്‍3 പ്രൊജക്ട് ഡയറക്ടര്‍ പി.വീരമുത്തുവേല്‍, ഐ.എസ്.ആര്‍.ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സ് ഡയറക്ടര്‍ ജെ.അസിര്‍ പാക്കിയരാജ്, എം. ശങ്കരന്‍, എം.വനിത, നിഗര്‍ ഷാജി എന്നിവര്‍ക്കാണു സമ്മാനം.

ഈ ഒമ്പത്  ശാസ്ത്രജ്ഞരുടെയും പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ ആരംഭിക്കും. സംസ്ഥാനത്തെ 9 എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കാകും സ്‌കോളര്‍ഷിപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. സ്‌കോളര്‍ഷിപ്പിനായി സര്‍ക്കാര്‍ 10 കോടി രൂപ വകയിരുത്തുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

 

Latest News