ന്യൂഡൽഹി - സി.പി.എം ദേശീയ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവർത്തകരുടെയും വീടുകളിൽ റെയ്ഡ് നടത്തിയ പോലീസ് നടപടിയിൽ ആശങ്ക അറിയിച്ച് പ്രസ്ക്ലബ്ബ് ഓഫ് ഇന്ത്യ. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ അറിയിച്ചു. റെയ്ഡിന്റെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രസ് ക്ലബ് ഓഫ് ഇന്ത്യ മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഇന്ന് രാവിലെയാണ് സി.പി.എം നേതാവ് സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിൽ പോലീസ് റെയ്ഡിനെത്തിയത്. ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലാണ് കാനിംഗ് റോഡിലെ വസതിയിൽ പരിശാധന നടത്തിക്കൊണ്ടിരിക്കുന്നത്. ജനറൽസെക്രട്ടറി എന്ന നിലയിൽ കേന്ദ്രം അനുവദിച്ച വസതിയാണിത്. എന്നാൽ, യെച്ചൂരി ഇവിടെയല്ല താമസിക്കുന്നത്. ചൈനീസ് ബന്ധം ആരോപിക്കപ്പെടുന്ന ന്യൂസ് ക്ലിക്കിലെ പ്രതിനിധി താമസിക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്.
ഡൽഹി ആസ്ഥാനമായുള്ള ന്യൂസ് ക്ലിക്ക് എന്ന മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ താമസസ്ഥലങ്ങളിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന പോലീസ് നടപടിയുടെ ഭാഗമായാണ് റെയ്ഡ് എന്ന് പറയുന്നു. ന്യൂസ്ക്ലിക്കിലെ മാധ്യമപ്രവർത്തകനായ സുമിത് താമസിക്കുന്നത് യെച്ചൂരിയിടെ ഔദ്യോഗിക വസതിയുടെ പിറകിലുള്ള കെട്ടിടത്തിലാണ്. സുമിതിനെ അന്വേഷിച്ചാണ് എത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഇന്ന് രാവിലെ ന്യുസ്ക്ലിക്കുമായി ബന്ധപ്പെട്ട് 30 സ്ഥലങ്ങളിൽ പോലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തി അവരുടെ ലാപ്ടോപ്പും ഫോണും ഹാർഡ് ഡിസ്കും അടക്കം പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് വർഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിപ്പ് ന്യൂസ് ക്ലിക്ക് നടത്തിയെന്നാണ് ഇ.ഡി കണ്ടെത്തൽ. ഇന്ത്യക്കെതിരായി അപവാദ പ്രചാരണം നടത്താൻ ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കിന് ചൈനീസ് സഹായം ലഭിച്ചിരുന്നതായി ബി.ജെ.പി ആരോപണമുന്നയിച്ചിരുന്നു. ചൈനീസ് അനുകൂല പ്രചാരണത്തിനായി വിദേശവ്യവസായി മൊഗൾ നെവിൽ റോയ് സിംഗം ന്യൂസ് ക്ലിക്കിനായി ഫണ്ടിങ് നടത്തിയെന്ന് ന്യൂയോർക്ക് ടൈംസ് റിപോട്ടുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ ജനറൽസെക്രട്ടറിയുമായ പ്രകാശ് കാരാട്ടിനെതിരെയടക്കം പാർലമെന്റിൽ ബി.ജെ.പി ആരോപണം ഉന്നയിച്ചത്. പ്രകാശ് കാരാട്ടിന്റെ ഇ-മെയിൽ അടക്കം പരിശോധിക്കാൻ പോലീസ് നീക്കമുള്ളതായാണ് വിവരം.