വിദേശ ഫണ്ടുകളുടെ ഓഹരി വിൽപന പിടിച്ച് നിർത്താൻ സർവ സന്നാഹങ്ങളുമായി ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങൾ കളത്തിലിറങ്ങിയിട്ടും ഇൻഡക്‌സുകൾ രണ്ടാം വാരത്തിലും ഇടിഞ്ഞു. ബോംബെ സെൻസെക്‌സ് 180 പോയന്റും നിഫ്റ്റി സൂചിക 36 പോയന്റും താഴ്ന്നു. നിഫ്റ്റി 19,674 പോയന്റിൽ നിന്നും 19,754 ന് മുകളിൽ ഇടം പിടിക്കാനായില്ല. വിദേശ വിൽപനയ്ക്ക് ഇടയിലും കഴിഞ്ഞ വാരം വ്യക്തമാക്കിയ 19,500 ലെ സപ്പോർട്ട് നിലനിർത്തിയത് നിക്ഷേപകർക്ക് ആത്മവിശ്വാസം പകർന്നു. സൂചിക വ്യാഴാഴ്ച 19,499 വരെ ഇടിഞ്ഞ ശേഷം 19,724 വരെ കയറിയെങ്കിലും ക്ലോസിങിൽ 19,638 ലാണ്.
മുൻവാരം സൂചിപ്പിച്ച 50 ദിവസങ്ങളിലെ ശരാശരിയായ 1,85,000-19,8000 റേഞ്ചിൽ വിപണി നിലകൊണ്ടു. ഈ വാരം 19,506 ലെ സപ്പോർട്ട് നിലനിർത്തി 19,761 ലേയ്ക്ക് ഉയരാൻ ശ്രമിക്കാം. ഈ അവസരത്തിൽ വിദേശ വിൽപന ചുരുങ്ങിയാൽ 19,885 വരെ മുന്നേറാനാവും. ആദ്യ താങ്ങിൽ കാലിടറിയാൽ 19,376 ലേയ്ക്ക് സാങ്കേതിക തിരുത്തലിന് സാധ്യത.
നിഫ്റ്റി ഡെയ്‌ലി ചാർട്ടിൽ ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്, സ്ലോ സ്‌റ്റോക്കാസ്റ്റിക്, ഫുൾ സ്‌റ്റോക്കാസ്റ്റിക് തുടങ്ങിയവ ഓവർ സോൾഡായി നീങ്ങുന്നത് തിരിച്ചുവരവിന് അവസരം ഒരുക്കാം. 66,009 ൽ ട്രേഡിങ് തുടങ്ങിയ സെൻസെക്‌സ് 66,250 മുകളിലേയ്ക്ക് ഉയരാനുള്ള സാവകാശം വിദേശ ഓപറേറ്റർമാർ നൽകിയില്ല. മുൻ നിര ഓഹരികൾ വിറ്റുമാറാൻ അവർ മത്സരിച്ചത് മൂലം 65,442 വരെ ഇടിഞ്ഞ സെൻസെക്‌സ് ക്ലോസിങിൽ 65,828 പോയന്റിലാണ്.
വിദേശ ഫണ്ടുകൾ പത്താം വാരവും വിൽപനയ്ക്ക് മുൻതൂക്കം നൽകിയതിനാൽ ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 82.93 ൽ നിന്നും 83.25 ലേയ്ക്ക് ദുർബലമായ ശേഷം 83.01 ലാണ്. വിദേശ ഓപറേറ്റർമാർ 8430 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ 8142 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
സെപ്റ്റംബറിൽ വിദേശ ഇടപാടുകാർ 26,692.16 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ 20,312.65 കോടി രൂപയുടെ നിക്ഷേപം നടത്തി. രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 590.70 ബില്യൺ ഡോളറായി, തുടർച്ചയായ മൂന്നാം വാരമാണ് കരുതൽ ധനം ഇടിയുന്നത്. രണ്ടാഴ്ചയിലുണ്ടായ മൊത്തം ഇടിവ് 5.9 ബില്യൺ ഡോളറാണ്. രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് കരുതൽ ധനം ഇറക്കിയത് തിരിച്ചടിയായി.
മുൻനിര ഓഹരികളായ എച്ച് യു എൽ, ഇൻഡസ് ബാങ്ക്, റ്റി സി എസ്, എച്ച് സി എൽ ടെക്, വിപ്രോ, ഇൻഫോസീസ്, ടെക് മഹീന്ദ്ര, എം ആന്റ് എം, ആർ ഐ എൽ ഓഹരികൾ കരുത്ത് നേടിയപ്പോൾ ടാറ്റാ സ്റ്റീൽ, എയർടെൽ, സൺ ഫാർമ, എൽ ആന്റ് റ്റി, മാരുതി, ഐ റ്റി സി, ഐ സി ഐ സി ഐ ബാങ്ക്, എസ് ബി ഐ ഓഹരി വിലകൾ താഴ്ന്നു.