സർക്കാർ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് ആമസോൺ വെബ് സർവീസസുമായി ചേർന്ന് എഡ്‌ടെക് സോഷ്യൽ സംരംഭമായ കൺവേജീനിയസ് നിർമിത ബുദ്ധി ചാറ്റ്‌ബോട്ടായ സ്വിഫ്റ്റ്ചാറ്റിന് രൂപം നൽകി. സർക്കാർ സ്‌കൂളുകൾക്കൊപ്പം കുറഞ്ഞ ഫീസ് നിരക്കുള്ള സ്വകാര്യ സ്‌കൂളുകളെയും ഉദ്ദേശിച്ചാണ് സ്വിഫ്റ്റ്ചാറ്റ് നിർമിച്ചത്. രാജ്യമാകെയുള്ള 10 കോടി വിദ്യാർഥികൾക്കായി 13 പ്രാദേശിക ഭാഷകളിൽ പാഠഭാഗങ്ങളിൽ സഹായിക്കുന്നതിനാണ് 53 എഐ ചാറ്റ്‌ബോട്ടുകൾ നിർമിക്കുന്നത്. വീഡിയോകൾ, വായനാവസ്തുക്കൾ തുടങ്ങിയവ ഒംനിചാനൽ ചാറ്റ്‌ബോട്ടിലൂടെ സർക്കാർ സ്‌കൂളുകൾക്ക് നിർമിക്കാം. വ്യക്തിഗത പഠനത്തെക്കൂടാതെ അധ്യാപക പരിശീലനം, സ്‌കൂൾ അധികൃതർക്ക് ഡാറ്റ അധിഷ്ഠിത തീരുമാനം, സ്‌കൂളുകളുടെ ആവശ്യങ്ങൾ ക്രോഡീകരിക്കൽ തുടങ്ങിയവ ഉൾപ്പെടെ സ്വിഫ്റ്റ്ചാറ്റ് സാധ്യമാക്കുന്നു.
പുതിയ ദേശീയ വിദ്യാഭ്യാസ നയം വ്യക്തിഗത പഠനത്തിന് ഏറെ മുൻഗണന നൽകിയിട്ടുണ്ട്. കുട്ടികളുടെ പ്രവേശനം, പങ്കാളിത്തം, പഠന പുരോഗതി തുടങ്ങിയവക്കായി ഒരു കേന്ദ്രീകൃത സംവിധാനം രൂപപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് വിദ്യാ സമീക്ഷ കേന്ദ്രം ഉപയോഗിക്കാൻ സ്വിഫ്റ്റ്ചാറ്റ് സഹായിക്കുന്നു.