ഹോണ്ട മോട്ടോർ സൈക്കിൾ ആന്റ് സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്‌ഐ) തങ്ങളുടെ മുൻനിര മോട്ടോർ സൈക്കിളായ ഗോൾഡ് വിംഗ് ടൂറിന്റെ ബുക്കിങ് ആരംഭിച്ചു. ഗൺമെറ്റൽ ബ്ലാക്ക് മെറ്റാലിക് കളർ ഷേഡിൽ ഡിസിടി വേരിയന്റിൽ ലഭ്യമാകുന്ന 2023 ഹോണ്ട ഗോൾഡ് വിംഗ് ടൂറിന് 39,20,000 രൂപയാണ് ഗുരുഗ്രാം എക്‌സ്‌ഷോറൂം വില. പൂർണമായും ജപ്പാനിൽ നിർമിച്ചാണ് പുതിയ ഹോണ്ട ഗോൾഡ് വിംഗ് ടൂർ ഇന്ത്യയിലെത്തുന്നത്. പ്രീമിയം ബിഗ്വിംഗ് ടോപ് ലൈൻ ഡീലർഷിപ്പുകൾ വഴിയായിരിക്കും വിൽപന. അത്യാധുനിക ശൈലിയിൽ സവിശേഷമായ ഫീച്ചറുകളോടെയാണ് ഹോണ്ടയുടെ ഐക്കണിക് ഗോൾഡ് വിംഗ് ടൂർ എത്തുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണക്കുന്ന 7.0 ഇഞ്ച് ഫുൾ കളർ ടിഎഫ്ടി ഡിസ്‌പ്ലേയുള്ള കോക്പിറ്റ്, സമ്പൂർണ എൽഇഡി ലൈറ്റിങ് സിസ്റ്റം എന്നിവയാണ് പ്രധാന സവിശേഷതകൾ. റൈഡിംഗ്, നാവിഗേഷൻ, ഓഡിയോ ഇൻഫർമേഷൻ എന്നിവ ഡിസ്‌പ്ലേയിലൂടെ ലഭ്യമാവും. കാറ്റിനെ ഫലപ്രദമായി തടയുന്ന വിപുലീകൃത ഇലക്ട്രിക് സ്‌ക്രീൻ, രണ്ട് യുഎസ്ബി ടൈപ് സി സോക്കറ്റുകളുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), എയർബാഗ് തുടങ്ങിയ നിരവധി സജ്ജീകരണങ്ങളും ഗോൾഡ് വിംഗ് ടൂറിലുണ്ട്.
93 കി.വാട്ട് പവറും 170 എൻ.എം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന, 1833 സിസി, ലിക്വിഡ്കൂൾഡ്, 4 സ്‌ട്രോക്, 24 വാൾവ്, ഫുറ്റ് 6 സിലിണ്ടർ എൻജിനാണ് ഹോണ്ട ഗോൾഡ് വിംഗ് ടൂറിന് കരുത്ത് പകരുന്നത്. 7സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി എൻജിൻ യോജിപ്പിച്ചിട്ടുണ്ട്. ക്രീപ്പ് ഫോർവേഡ്, ബാക്ക് ഫങ്ഷനും ഇത് അവതരിപ്പിക്കുന്നു. ത്രോട്ടിൽബൈവയർ (ടിബിഡബ്ല്യൂ) സംവിധാനവും നാല് റൈഡിങ് മോഡുകളുമാണ് മറ്റു സവിശേഷതകൾ.
ഇന്ത്യയിൽ പുതിയ ഗോൾഡ് വിംഗ് ടൂർ അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആന്റ് സ്‌കൂട്ടർ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. പുതിയ ഗോൾഡ് വിംഗ് ടൂറിന്റെ ഉപഭോക്തൃ ഡെലിവറി ഈ മാസം മുതൽ ഇന്ത്യയിൽ ആരംഭിക്കുമെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആന്റ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആന്റ് മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു.