സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗ് (ഐഎസ്ആർഎൽ) അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 150 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയിൽ ലോകോത്തര റേസിങ് ഇൻഫ്രാസ്ട്രക്ച്ചർ സൃഷ്ടിക്കലും താഴേത്തട്ടിലുള്ള വികസനവും ലക്ഷ്യമിട്ടാണ് നീക്കം. റേസിങ് ലീഗിനെ കൂടുതൽ ജനകീയമാക്കാനും വൻ നിക്ഷേപത്തിലൂടെ പ്രൊമോട്ടർമാർ ലക്ഷ്യമിടുന്നു.
ഈ തന്ത്രപരമായ നിക്ഷേപത്തിലൂടെ, മോട്ടോർസ്‌പോർട്‌സ് ആരാധകരുടെ ഹൃദയവും മനസ്സും പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയിൽ ആഗോള തലത്തിൽ ഒരു ഇവന്റ് സൃഷ്ടിക്കാൻ ഐഎസ്ആർഎൽ തീരുമാനിച്ചു. 2023 ഡിസംബറിൽ നടക്കാനിരിക്കുന്ന ആദ്യ സീസണിനായി തയാറെടുക്കുകയാണ് സിയറ്റ് ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗ്. ഒക്ടോബറിൽ സീസൺ ആരംഭിക്കാനായിരുന്നു പ്രാഥമിക പദ്ധതി, എന്നാൽ ഐസിസി ക്രിക്കറ്റ് ലോകകപ്പ് കാരണം ഇത് മാറ്റിവെയ്ക്കുകയായിരുന്നു. ലീഗിന്റെ ആദ്യ സീസണിൽ വിവിധ സ്ഥലങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. അടുത്ത വർഷം രണ്ടാം സീസണിൽ 6 വേദികളിലേക്ക് ലീഗ് വ്യാപിപ്പിക്കാനും സംഘാടകർ പദ്ധതിയിടുന്നു. ലീഗിനുള്ള രജിസ്‌ട്രേഷൻ തുടങ്ങിയിട്ടുണ്ട്. 75 റൈഡർമാർ ഇതിനകം രജിസ്റ്റർ ചെയ്തു. 68 ടീമുകളാണ് ലീഗിന്റെ ഉദ്ഘാടന സീസണിൽ ഉണ്ടാവുക.