കാലവർഷത്തിന്റെ വിടവാങ്ങലിനിടയിൽ തുലാവർഷത്തിന് തുടക്കം കുറിച്ചു. ഒക്ടോബർ ഡിസംബർ കാലയളവാണ് തുലാവർഷ മഴ കണക്കുന്നത്. കാലവർഷം സംസ്ഥാനത്ത് നിന്ന് പുർണമായി വിടവാങ്ങാൻ ഇനിയും രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. മൺസുണിന്റെ ഭാഗമായുള്ള മഴമേഘങ്ങൾ അടുത്ത പത്ത് ദിവസം കൂടി നിലനിൽക്കുമെന്നാണ് വിലയിരുത്തലെങ്കിലും ഇത് ഔദ്യോഗികമായി തുലാവർഷത്തിലാണ് കണക്കാക്കി വരുന്നത്. ഇതിനിയിൽ രൂപം കൊണ്ട ചക്രവാത ചുഴിയിൽ അലയടിച്ച കനത്ത മഴ കാർഷിക മേഖലയെ സ്തംഭിപ്പിച്ചു.
പ്രതികൂല കാലാവസ്ഥയിൽ സംസ്ഥാനത്ത് റബർ വെട്ടിന് തിരിച്ചടി നേരിട്ടു. ഷീറ്റ് ഉൽപാദനം കുറഞ്ഞിട്ടും റബർ വില ഉയർത്താൻ ടയർ വ്യവസായികൾ തയാറായില്ല. വാരത്തിന്റെ രണ്ടാം പകുതിയിൽ മഴ ശക്തമായതോടെ റബർ ഉൽപാദകർ തോട്ടങ്ങളിൽ നിന്നും പിൻതിരിയാൻ നിർബന്ധിതരായി. റബർ ഉൽപാദനം സ്തംഭിച്ചെങ്കിലും ഷീറ്റ് വില ഉയർത്താൻ ടയർ നിർമാതാക്കൾ തയാറായില്ല. 14,500 രൂപയിൽ വിപണനം തുടങ്ങിയ നാലാം ഗ്രേഡ് വാരാന്ത്യം 14,600 രൂപയിലാണ്. നിരക്ക് 15,000 മറികടക്കുമെന്ന നിഗമനത്തിലായിരുന്നു കാർഷിക മേഖല. എന്നാൽ വ്യവസായികളുടെ തണുപ്പൻ മനോഭാവം വിലക്കയറ്റത്തിന് തടസ്സമായി.
മാസാരംഭ ഡിമാന്റ് പ്രദേശിക മാർക്കറ്റിൽ വെളിച്ചെണ്ണയ്ക്ക് ആവശ്യം ഉയർത്തുമെന്ന കണക്കൂകൂട്ടലിലാണ് മില്ലുകാർ. ഈ വാരം വിൽപന തോതിൽ വർധന കണക്കിലെടുത്ത് കാങ്കയത്തെ കൊപ്രയാട്ട് മില്ലുകാർ നിരക്ക് 7675 രൂപയിൽ നിന്നും 7875 ലേയ്ക്ക് ഉയർത്തി. ഒപ്പം വെളിച്ചെണ്ണ വില 350 രൂപ ഉയർത്തി 11,300 രൂപയാക്കി. തമിഴ്‌നാട്ടിൽ വില ഉയർന്നതിന്റെ ചുവട് പിടിച്ച് കൊച്ചിയിൽ എണ്ണ വില 100 രൂപ കയറി 12,300 രൂപയായി.
ഹൈറേഞ്ച്, വയനാടൻ കുരുമുളകിന് നേരിട്ട ക്ഷാമത്തിനിടയിൽ അന്തർസംസ്ഥാന വാങ്ങലുകാർ വില ഉയർത്തി ചരക്ക് സംഭരിക്കാൻ തയാറായി. അടുത്ത വർഷം കുരുമുളക് ഉൽപാദനം കുറയുമെന്ന നിലപാടിൽ കർഷകർ ചരക്ക് പിടിച്ചത് വാങ്ങലുകാരെ പ്രതിസന്ധിലാക്കി. ഇറക്കുമതി കുരുമുളക് കേരളത്തിൽ എത്തിച്ച് ആഭ്യന്തര വില ഇടിക്കാൻ ഇറക്കുമതി ലോബി നടത്തിയ കുതന്ത്രങ്ങളെ വിപണി പരാജയപ്പെടുത്തി. വാരാന്ത്യം കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 60,500 ലും ഗാർബിൾഡ് 62,500 ലുമാണ്. വില ഇടിവിന് ശേഷം വാരത്തിന്റെ രണ്ടാം പകുതിയിലാണ് മുളക് വില ഉയർന്നത്.
കാർഷിക മേഖല ലേലത്തിനുള്ള ഏലക്ക നീക്കം കുറച്ചിട്ടും ഉൽപന്ന വിലയിൽ ഉണർവ് സംഭവിച്ചില്ല. പല അവസരത്തിലും വരവ് ചുരുങ്ങിയത് കണ്ട് വിൽപനയ്ക്ക് എത്തിയ ചരക്ക് ശേഖരിക്കാൻ ഇടപാടുകാർ ഉത്സാഹിച്ചു. എന്നാൽ ഉൽപാദകരുടെ കണക്ക് കൂട്ടലിനൊത്ത് വില ഉയർന്നതുമില്ല. വാരാവസാനം നടന്ന ലേലത്തിൽ 19,952 കിലോ ചരക്ക് വിൽപനയ്ക്ക് എത്തിയതിൽ 16,535 കിലോ ഏലക്ക വിറ്റു. വാങ്ങലുകാരിൽ നിന്നുള്ള ഡിമാന്റിൽ ശരാശരി ഇനങ്ങൾ കിലോ 1730 രൂപയിലും മികച്ചയിനങ്ങൾ 2270 രൂപയിലും കൈമാറി. അറബ് രാജ്യങ്ങളിൽ നിന്നുള്ള ഓർഡർ മുൻനിർത്തി കയറ്റുമതിക്കാരും ഏലക്ക ശേഖരിച്ചു. കേരളത്തിൽ സ്വർണ വില പവന് 1280 രൂപ ഇടിഞ്ഞു. പവൻ 43,960 രൂപയിൽ നിന്നും 43,000 ലെ താങ്ങും തകർത്ത് 42,680 രൂപയായി. ന്യൂയോർക്കിൽ സ്വർണ വില ഔൺസിന് 1924 ഡോളറിൽ നിന്നും 1848 ഡോളറായി.