ന്യൂദല്‍ഹി- പോലീസ് സാന്നിധ്യത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവായിരുന്ന അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും കൊലപ്പെടുത്തിയതില്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ ഭാഗത്ത് തെറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദ് സഹോദരന്മാരുടെ കൊലപാതകം ഉള്‍പ്പെടെ ഏറ്റുമുട്ടല്‍ സംഭവങ്ങളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാല്‍ തിവാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മൂന്ന് പ്രതികള്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും മറ്റ് ചില കാര്യങ്ങളില്‍ തെളിവ് ശേഖരിക്കുന്നതിനായി അന്വേഷണം തുടരുകയാണെന്നും സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 ജൂലൈയില്‍ ഗുണ്ടാസംഘം തലവനായ വികാസ് ദുബെ ഉള്‍പ്പെടെയുള്ള ഏറ്റുമുട്ടല്‍ സംഭവങ്ങളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി സംഭവങ്ങള്‍ സമഗ്രമായി അന്വേഷിച്ചതായി യുപി സര്‍ക്കാര്‍ ബോധിപ്പിച്ചു.
അതീഖിന്റെയും അഷ്‌റഫിന്റെയും കൊലപാതകം ഉള്‍പ്പെടെ ഹരജിക്കാരന്‍ തന്റെ വാദങ്ങളില്‍ എടുത്തുകാണിച്ച ഏഴ് സംഭവങ്ങളില്‍ ഓരോന്നും കോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സമഗ്രമായി പരിശോധിച്ചുവെന്നും പോലീസിന്റെ ഭാഗത്ത് ഒരു തെറ്റും കണ്ടെത്തിയിട്ടില്ലെന്നും യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിവാരിക്കു പുറമെ, തന്റെ സഹോദരങ്ങളെ കൊലപ്പെടുത്തിയതിനെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അതീഖ്
അഹമ്മദിന്റെ സഹോദരി ഐഷ നൂരിയും സുപ്രീം കോടതയില്‍ സമര്‍പ്പിച്ച ഹരജിക്കു ശേഷമാണ് സര്‍ക്കാര്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.