സംയുക്ത വർമ്മയ്ക്കുശേഷം മറ്റൊരു സംയുക്ത കൂടി മലയാളസിനിമയിൽ ചുവടുറപ്പിക്കാനൊരുങ്ങുന്നു.
പാലക്കാട് ജില്ലയിലെ ചിറ്റൂരിൽനിന്നാണ് സംയുക്ത മേനോന്റെ വരവ്. രണ്ടു സിനിമകളേ ചെയ്തിട്ടുള്ളുവെങ്കിലും വ്യത്യസ്തമായ പ്രമേയങ്ങളുള്ള ചിത്രങ്ങളിൽ വേഷമിടാൻ ലഭിച്ച ഭാഗ്യത്തിൽ ഏറെ സന്തോഷവതിയാണ് ഈ അഭിനേത്രി.
യാത്രയും വായനയും നൃത്തവും സ്‌കേറ്റിംഗുമെല്ലാം വഴങ്ങും സംയുക്തയ്ക്ക്. ആദ്യചിത്രം പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ലില്ലിയാണെങ്കിലും പുറത്തിറങ്ങുന്നത് രണ്ടാമത്തെ ചിത്രമാണ്. ടൊവിനോ തോമസ് നായകനായി ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന തീവണ്ടിയാണ് അടുത്തുതന്നെ തിയേറ്ററുകളിലെത്തുന്നത്. ത്രില്ലർ ചിത്രമായ ലില്ലിയിൽ കേന്ദ്രകഥാപാത്രത്തെ സംയുക്ത അവതരിപ്പിക്കുന്ന സംയുക്ത തീവണ്ടിയിൽ ടൊവിനോയുടെ നായികയായാണ്.
തിരക്കുകളിൽനിന്നൊഴിഞ്ഞ് വീട്ടിലെത്തിയ സംയുക്ത മലയാളം ന്യൂസിനുവേണ്ടി മനസ്സു തുറന്നപ്പോൾ...
സിനിമയിലെ തുടക്കം?
പ്ലസ് ടു പഠനം കഴിഞ്ഞ് മെഡിസിൻ എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് മലയാളത്തിലെ ഒരു പ്രമുഖ വനിതാ മാഗസിനുവേണ്ടി ഫോട്ടോ ഷൂട്ടിന് ക്ഷണിച്ചത്. മാഗസിന്റെ മോഡലായതോടെ സിനിമയിൽനിന്നും ക്ഷണം ലഭിച്ചുതുടങ്ങി. അനീഷ് ഉപാസന സംവിധാനം ചെയ്ത പോപ്‌കോൺ ആയിരുന്നു ആദ്യചിത്രം. ചിത്രത്തിൽ അഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചവെങ്കിലും ആത്മവിശ്വാസമുണ്ടായിരുന്നില്ല. പ്രശോഭ് സംവിധാനം ചെയ്ത ലില്ലിയായിരുന്നു അടുത്ത ചിത്രം. ഒരു സുഹൃത്ത് മുഖേനയാണ് പ്രശോഭ് തേടിയെത്തിയത്. ലില്ലിയുടെ കഥ പറഞ്ഞപ്പോൾ ഏറെ ഇഷ്ടപ്പെട്ടു. സ്ത്രീകഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തോടെയാണ് സിനിമയെ സീരിയസായി കണ്ടുതുടങ്ങിയത്. ലില്ലിയുടെ ചിത്രീകരണത്തിനിടെയാണ് തീവണ്ടിയിലേയ്ക്കുള്ള ക്ഷണമെത്തുന്നത്. ലില്ലിയുടെ എഡിറ്ററായിരുന്ന അപ്പു ഭട്ടതിരിയാണ് തീവണ്ടിയുടെയും എഡിറ്റർ. അപ്പു വഴിയാണ് തീവണ്ടിയിലെത്തുന്നത്.
തീവണ്ടി എന്ന നാമകരണത്തിനുപിന്നിൽ?
ടൊവിനോ തോമസ് ആണ് തീവണ്ടിയിലെ നായകൻ. ടൊവിനോ അവതരിപ്പിക്കുന്ന ബിനീഷ് ദാമോദരന്റെ ഇരട്ടപ്പേരാണ് തീവണ്ടി. സദാസമയവും പുകവലിച്ചു നടക്കുന്ന ഒരു യുവാവിന്റെ കഥയാണ് തീവണ്ടി. ഈ പുകവലി കാരണമാണ് അയാൾക്ക് തീവണ്ടി എന്ന ഇരട്ടപ്പേരു വീണത്. എന്നാൽ പുകവലിയുടെ ദൂഷ്യവശങ്ങൾ വിളംബരം ചെയ്യുന്ന സിനിമയൊന്നുമല്ല തീവണ്ടി. സിഗരറ്റുവലി കാരണം ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങളുമല്ല പ്രമേയം. ഇതൊരു സറ്റയർ ചിത്രമാണ്. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിനാണ് പ്രാധാന്യം നൽകുന്നത്. എന്നുവച്ച് സന്ദേശം പോലൊരു ചിത്രവുമല്ല.
കഥാപാത്രത്തെക്കുറിച്ച്?
ദേവി എന്നാണ് കഥാപാത്രത്തിന്റെ പേര്. തികച്ചും സാധാരണക്കാരിയായ അവൾ വില്ലേജ് ഓഫീസ് ജീവനക്കാരിയാണ്. ദേവിയുടെ അച്ഛൻ വളരെ കർശനക്കാരനാണ്. ദേവിയുടെ കാമുകനാണ് ബിനീഷ്. സ്‌കൂൾകാലംതൊട്ടുള്ള കൂട്ടാണ് അവരുടേത്. ബിനീഷിന്റെ പുകവലിയാണ് ദേവിയുടെയും പ്രശ്‌നം. പുകവലി നിർത്താൻ പലവട്ടം അവൾ ഉപദേശിക്കുന്നുണ്ട്. എന്നാൽ ബിനീഷ് പുകവലി തുടങ്ങാൻ ചില കാരണങ്ങളുണ്ടായിരുന്നു.
ടൊവിനോയുമൊത്തുള്ള അഭിനയം?
നല്ല ടെൻഷനുണ്ടായിരുന്നു. കൂടുതൽ ടേക്കുകളെടുത്താൽ ടൊവിനോയ്ക്ക് ദേഷ്യം വരുമോ എന്ന പേടിയുണ്ടായിരുന്നു. അതൊന്നുമുണ്ടായില്ല. ചിത്രീകരണമില്ലാത്ത സമയത്ത് ഞങ്ങൾ സംസാരിച്ചിരിക്കും. അതുകൊണ്ടുതന്നെ ഷൂട്ടിംഗിന്റെ ടെൻഷനൊന്നുമുണ്ടായിരുന്നില്ല. എല്ലാവരും സ്‌നേഹത്തോടെയും സഹകരണത്തോടെയുമാണ് പെരുമാറിയിരുന്നത്. ടൊവിനോയുടെ ഭാഗത്തുനിന്നും നല്ല സഹകരണമുണ്ടായിരുന്നു. തികച്ചും പ്രൊഫഷണലായ അദ്ദേഹം എല്ലാവരേയും കെയർ ചെയ്യുന്ന രീതിയിലായിരുന്നു പെരുമാറിയത്.
ലില്ലിയുടെ അനുഭവങ്ങൾ?
ഒരു ത്രില്ലർ ചിത്രമാണ് ലില്ലി. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിച്ചായിരുന്നു ഓരോ സീനും അവതരിപ്പിച്ചിരുന്നത്. ഒരു ഗർഭിണി മൂന്നു പേരുടെ തടങ്കലിലാകുന്നതും അവളുടെ അതിജീവനവുമാണ് ലില്ലിയുടെ പ്രമേയം. തികച്ചും വെല്ലുവിളി നിറഞ്ഞ കഥാപാത്രം. ഒരു ഗർഭിണിയുടെ മാനറിസങ്ങൾ അവതരിപ്പിക്കുക ഏറെ പ്രയാസമായിരുന്നു. ഏറെ ശ്രദ്ധയോടെയും ഇഷ്ടപ്പെട്ടും ചെയ്ത കഥാപാത്രമായിരുന്നു ലില്ലിയുടേത്.
ലില്ലിയും ദേവിയും തമ്മിലുള്ള വ്യത്യാസം?
ഒരു വെല്ലുവിളിയായാണ് ലില്ലിയെ അവതരിപ്പിക്കാൻ ഇറങ്ങിയത്. സഹനത്തിന്റെ മൂർത്തിഭാവമാണ് ലില്ലി. എന്നാൽ ഏത് വിഷമഘട്ടത്തിലും തളർന്നുപോകാതെ അവൾ അതിജീവിക്കുന്നുണ്ട്. തീവണ്ടിയിലെ ദേവിക്ക് ലില്ലിയുമായി യാതൊരു സാമ്യവുമില്ല. കാമുകനായ ബിനീഷിന്റെ പുകവലി കാരണം അവൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പ്രമേയം. എന്നാൽ ലില്ലിയുടെ കഥാപാത്രത്തിനുവേണ്ടി ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാകാം ചിത്രീകരണം കഴിഞ്ഞതിനുശേഷം കുറച്ചുകാലമെടുത്തു ലില്ലിയിൽനിന്നും മോചനം നേടാൻ. അതിന് തുണയായത് തീവണ്ടിയിലെ കഥാപാത്രമാണ്.
തീവണ്ടി ഇറങ്ങുന്നതിനുമുമ്പേ പാട്ട് ഹിറ്റായല്ലോ?
തീവണ്ടിയിലെ 'ജീവാംശമായ്...' എന്ന ഗാനത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിലെ നാട്ടിൻപുറവും ഒരു സാധാരണക്കാരൻ പയ്യന്റെ പ്രണയവും കാമുകിയുമൊത്തുള്ള നിമിഷങ്ങളുമെല്ലാമാണ് ആ പാട്ടിലൂടെ വെളിവാകുന്നത്. യൂട്യൂബിലൂടെ നിരവധി കമന്റുകളാണ് ദിനംപ്രതി ലഭിക്കുന്നത്. കാമുകിയെ ഓർമ്മ വന്നതായും ഗൾഫിലുള്ള ഭർത്താവിനെ മിസ് ചെയ്യുന്നതായുമെല്ലാമുള്ള കമന്റുകളുണ്ടായിരുന്നു.
സിനിമാ സ്വപ്‌നങ്ങൾ?
ജീവിതത്തിലെ അനിശ്ചിതത്വത്തെ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. നാളെ എന്തു സംഭവിക്കുമെന്ന് നമുക്കറിയില്ല. സിനിമയിലും അതുതന്നെയാണ് അവസ്ഥ. നാളെ ഏതു സിനിമ വരും. ആരുടെ കൂടെ അഭിനയിക്കും. എന്ത് അഭിനയിക്കും. നാളെ സിനിമ ഉണ്ടാകുമോ... എന്നൊന്നും അറിയില്ല. സിനിമ ഒരു തൊഴിലായി സ്വീകരിക്കുകയാണെങ്കിൽ ഓരോ സിനിമയും പ്രധാനമാണ്. ഉടൻതന്നെ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമില്ല. എനിക്കുള്ളത് എനിക്കുതന്നെ വരും എന്ന വിശ്വാസക്കാരിയാണ്. ഒരു കഥ കേൾക്കുമ്പോൾ അത് അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം വേണം. കൂടെ വേഷമിടുന്നത് നല്ലൊരു അഭിനേതാവാണോ എന്നു നോക്കണം. അങ്ങനെയാകുമ്പോൾ കാര്യങ്ങൾ എളുപ്പമാകും.
തമിഴിലേയ്ക്കുള്ള വരവ്?
കിരൺചന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച കളരി എന്ന ചിത്രത്തിലൂടെയാണ് തമിഴിലെത്തുന്നത്. കൃഷ്ണകുലശേഖരൻ നായകനാകുന്ന ചിത്രത്തിൽ തേൻമൊഴി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് കളരി.
പുതിയ ചിത്രങ്ങൾ?
ഒരുപാട് ഓഫറുകളൊന്നും ലഭിച്ചിട്ടില്ല. അഭിനയിച്ച ചിത്രങ്ങൾ പ്രേക്ഷകരിലെത്തിയിട്ടില്ല. അവരുടെ പ്രതികരണം എങ്ങിനെ എന്നറിയണം. ആദ്യമായി പുറത്തിറങ്ങിയ ഗാനത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. അതിൽ ഏറെ സന്തോഷമുണ്ട്. സിനിമയിലെ അഭിനയവും പ്രേക്ഷകർ ഇഷ്ടപ്പെട്ടാൽ ഒരു നടിയായി എന്നു വിലയിരുത്തും. അങ്ങനെയല്ലെങ്കിൽ ഇനിയും പഠിക്കാനുണ്ടെന്നു മനസ്സിലാക്കി തയ്യാറെടുപ്പുകൾ നടത്തും.
ജീവിതരേഖ
പാലക്കാട് ചിറ്റൂരാണ് സ്വദേശം. മാതാപിതാക്കളുടെ ഒറ്റ മകളാണ്. പ്ലസ് ടു കഴിഞ്ഞ് എൻട്രൻസ് കോച്ചിങ്ങിനിടെയാണ് സിനിമയിലേയ്ക്ക് ക്ഷണം ലഭിക്കുന്നത്. പിന്നീട് ഡിഗ്രിക്ക് ചേർന്നെങ്കിലും തുടരാനായില്ല. മോഹിനിയാട്ടവും ഭരതനാട്യവും കണ്ടംപറ്റി നൃത്തവും പരിശീലിച്ചിട്ടുണ്ട്. മോഡലിംഗും ചെയ്തിട്ടുണ്ട്. കൂടാതെ സ്‌കേറ്റിംഗും പഠിച്ചു. യാത്ര ചെയ്യാനാണ് ഏറെ താൽപര്യം.