ഇംഫാല്‍- മണിപ്പൂരില്‍ കലാപം തുടരുന്ന സാഹചര്യത്തില്‍ സ്വന്തം സര്‍ക്കാരിനെതിരെ ബിജെപി രംഗത്ത്. കലാപം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു വ്യക്തമാക്കി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് കത്തയച്ചു. ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ വിഷയത്തില്‍ അടിയന്തരമായി ഉണ്ടാകണമെന്നും നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു.
ഇംഫാല്‍ ഈസ്റ്റിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ കുടുംബ വസതിയും ഇംഫാല്‍ വെസ്റ്റിലെ ബിജെപി എംഎല്‍എയുടെ വീടും ഒരേസമയം ആക്രമിക്കാന്‍ ആയുധധാരികളായ ജനക്കൂട്ടം ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചതായി നേതാക്കള്‍ തുറന്നടിച്ചത്.
സര്‍ക്കാരിനെതിരെ വന്‍ തോതില്‍ ജനരോഷം ഉയരുകയാണ്. പ്രതിഷേധത്തിന്റെ വേലിയറ്റം തന്നെയാണ് സര്‍ക്കാരിനെതിരെയുള്ളതെന്നും കത്തിലുണ്ട്. സംസ്ഥാന അധ്യക്ഷ ശാരദാ ദേവിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ എട്ട് പ്രമുഖ ഭാരവാഹികള്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. കലാപം 150 ദിവസമായതിനു പിന്നാലെയാണ് അതൃപ്തി വ്യക്തമാക്കി നേതാക്കള്‍ ദേശീയ നേതൃത്വത്തെ സമീപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസ്ഥാന നേതാക്കള്‍ക്ക് ആശയ വിനിമയം നടത്തണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, സുരക്ഷാ സേനകള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യക്ഷമമായ ഇടപെടലുകള്‍ അനിവാര്യമാണ്. ക്രമസമാധാന പരിപാലനത്തില്‍ നിന്നു സംസ്ഥാന സര്‍ക്കാരിനെ മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മേല്‍ക്കൈ നല്‍കുന്ന തരത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കണം.
ഗവര്‍ണറുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയുടെ സമാധന യോഗങ്ങള്‍ ചേരുന്നില്ല. തുടര്‍ നടപടികളും ഉണ്ടാകുന്നില്ല. പാലയനം ചെയ്തവരെ തിരികെ എത്തിക്കുന്നതിലും അവര്‍ക്ക് നഷ്ടപ്പെട്ട വീടുകള്‍ ഉള്‍പ്പെടെയുള്ളവ പുനര്‍ നിര്‍മിച്ചു നല്‍കുന്നതിനും അടിയന്തര ഇടപെടല്‍ ഉണ്ടാകണം.